കൊച്ചി: ഗാർഹികാവശ്യത്തിനുള്ള 14.2 കിലോഗ്രാം പാചകവാതക സിലിൻഡറിന്റെ വില ബുധനാഴ്ച വീണ്ടും 25 രൂപ കൂട്ടി. ഇതോടെ കൊച്ചിയിൽ വില 891.50 രൂപയായി. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിൻഡറിന് 74.50 രൂപ വർധിച്ച് 1692.50 രൂപയിലെത്തി. അഞ്ചുകിലോഗ്രാം സിലിൻഡറിന് 19 രൂപ കൂടി 491 രൂപയായി.

തിരുവനന്തപുരത്ത് ഗാർഹിക എൽ.പി.ജി.ക്ക് 894 രൂപയാണ് വില. കോഴിക്കോട്ട് 893.5 രൂപയിലെത്തി. ഡൽഹിയിൽ 884.50 രൂപ.

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി ഗാർഹിക എൽ.പി.ജി.ക്ക് 50.50 രൂപ വർധിപ്പിച്ചു. ഇപ്പോഴത്തെ വർധനകൂടി കണക്കിലെടുത്താൽ ഏതാണ്ട് 75 രൂപയുടെ വർധന. ഈ വർഷം ഇതുവരെ 180 രൂപയിലധികം കൂടി. ഫെബ്രുവരിയിൽമാത്രം മൂന്നുതവണയായി 100 രൂപ കൂടിയിരുന്നു. 2020 നവംബർമുതൽ ഗാർഹിക എൽ.പി.ജി.ക്ക് കൂടിയത് 265 രൂപയാണ്. വാണിജ്യ എൽ.പി.ജി.ക്ക് ഈ വർഷം 400 രൂപയിലധികമാണ് കൂടിയത്. കഴിഞ്ഞ വർഷം മേയ് മുതൽ സബ്‌സിഡി നിർത്തലാക്കിയതും ജനങ്ങളെ സംബന്ധിച്ച് ഇരുട്ടടിയാണ്.

വർഷം 12 സിലിൻഡറാണ് ഉപഭോക്താക്കൾക്ക് സബ്‌സിഡി ഇനത്തിൽ നൽകുന്നത്. വൻവിലവർധന വന്നതോടെ 2020 മേയ് മുതൽ സബ്‌സിഡി ലഭിക്കുന്നില്ല. സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ സിലിൻഡറുകൾക്ക് ഏകദേശമിപ്പോൾ ഒരേ വിലയാണ്.

2014-ൽ മോദി സർക്കാർ അധികാരമേറ്റശേഷം പാചകവാതക സിലിൻഡറിന്റെ വില ഇരട്ടിയായിട്ടുണ്ട്. 2014 മാർച്ച് ഒന്നിന് 14.2 കിലോഗ്രാം സിലിൻഡറിന്റെ വില 410.5 രൂപയായിരുന്നു.