മമ്പാട്: തേങ്ങാപ്പാൽ പിഴിഞ്ഞെടുത്തശേഷമുള്ള ചണ്ടി ഒന്നിനും കൊള്ളില്ലെന്നുകരുതി വലിച്ചെറിയുന്നവരാണ് പലരും. എന്നാൽ ഇത് മൂല്യവർധിത ഉത്പന്നമാക്കി മാറ്റാമെന്ന സന്ദേശമാണ് മമ്പാട് പുളിക്കലോടിയിലെ കർഷകൻ നാഗേശ്വരനും ഭാര്യയും നൽകുന്നത്.

ഒന്നും രണ്ടുമല്ല, ഏഴുതരം ചമ്മന്തിപ്പൊടിയാണ് ഇവർ തേങ്ങാപ്പീര മുഖ്യഘടകമായി ചേർത്തുണ്ടാക്കുന്നത്. സാധാരണ മില്ലുകളിൽനിന്ന് ആട്ടിയെടുത്ത പിണ്ണാക്കുകൊണ്ട് ചമ്മന്തിപ്പൊടി ഉണ്ടാക്കാനാകില്ലെന്ന് ഇദ്ദേഹം പറയുന്നു. കൊപ്ര ആട്ടിയെടുക്കാനായി മാത്രമുള്ള യന്ത്രത്തിൽനിന്നു ലഭിക്കുന്ന പിണ്ണാക്ക് തേങ്ങാപ്പീര രൂപത്തിൽതന്നെയാകും. ഇതാണ് ചമ്മന്തിപ്പൊടിയുണ്ടാക്കാൻ പറ്റിയത് -നാഗേശ്വരൻ പറയുന്നു. വീട്ടിൽ പാലെടുത്തശേഷമുള്ള തേങ്ങാപ്പീരയും ചമ്മന്തിയുണ്ടാക്കാൻ നല്ലതാണ്.

കറിവേപ്പില, പുതിന, ഇഞ്ചി, മല്ലിച്ചപ്പ്, എള്ള്, ബ്രഹ്മി, മുരിങ്ങയില എന്നിങ്ങനെ തേങ്ങാപ്പീരക്കൊപ്പം പ്രധാന ചേരുവകളാക്കിയുള്ള ഏഴുതരം ചമ്മന്തിപ്പൊടിയാണ് തയ്യാറാക്കുന്നത്. ഇവയിൽ ഉണക്കമുളക്, ഉപ്പ്, കാശ്‌മീരി മുളക് എന്നിവചേർത്താണ് ചമ്മന്തി തയ്യാറാക്കുന്നത്. മറ്റു വിഭവങ്ങളുൾപ്പെടുത്തിയും പരീക്ഷണങ്ങളാകാം.

കേടാകാതിരിക്കാൻ രാസവസ്തുക്കളൊന്നും ചേർക്കേണ്ടതില്ല. തേങ്ങാപ്പീരയും ചേരുവകളുമെല്ലാം വറുത്തെടുത്തശേഷം നന്നായി പൊടിച്ചെടുത്താൽ ചമ്മന്തിയായി. പായ്ക്കറ്റ് പൊട്ടിച്ചശേഷം മൂന്നുമാസംവരെ കേടാകാതെയിരിക്കുമെന്ന ഗുണമുണ്ട്. ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ ഒരുവർഷത്തോളം ഉപയോഗിക്കാം.

ഇപ്പോൾ നിരവധി സുഹൃത്തുക്കൾ വിദേശത്തേക്കുവരെ ഈ ചമ്മന്തിപ്പൊടി കൊണ്ടുപൊകാറുണ്ടെന്ന് നാഗേശ്വരൻ പറയുന്നു.

സംസ്ഥാനസർക്കാർ മലപ്പുറം, കോഴിക്കോട് ജില്ലകളെ നാളികേര സംരംഭകത്വ പ്രോത്സാഹന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തദ്ദേശസ്ഥാപനങ്ങളും കാർഷികവികസന കർഷകക്ഷേമ വകുപ്പും മുൻകൈയെടുത്ത് പ്രവർത്തിച്ചാലേ സംരംഭകത്വ മേഖലകൾ തെളിയൂ -നാഗേശ്വരൻ പറയുന്നു.

ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ കഴിഞ്ഞ് 25 വർഷം അധ്യാപകനായി ജോലിചെയ്ത ശേഷമാണ് നാഗേശ്വരൻ കാർഷികരംഗത്തേക്കു തിരിഞ്ഞത്. ഇപ്പോൾ വിദ്യാർഥികൾക്കും സംരംഭകർക്കുമൊക്കെ വിവിധ ഇടങ്ങളിൽ ക്ലാസെടുക്കാറുണ്ട്.

കറിവേപ്പില ചമ്മന്തി ചേരുവകൾ: കൊപ്ര വറുത്തെടുത്തത് 500 ഗ്രാം, കറിവേപ്പില 100 ഗ്രാം, ചുവന്ന മുളക് 10 ഗ്രാം, കശ്‌മീരി മുളക് രണ്ടുഗ്രാം, ആവശ്യത്തിന് ഉപ്പ്, കായം, പുളി, ശർക്കര.

തയ്യാറാക്കുന്ന വിധം: കൊപ്ര (നിറം മാറ്റമുണ്ടാകുന്നതുവരെ) നന്നായി വറുത്തെടുക്കണം. കറിവേപ്പില, മുളക്, കായം എന്നിവയും വറുത്തെടുക്കണം. കശ്‌മീരി മുളക് നിറത്തിനുവേണ്ടിയാണ് ചേർക്കുന്നത്. വറുത്തെടുത്ത ചേരുവകളെല്ലാം കൂട്ടിച്ചേർത്ത് പൊടിച്ചെടുക്കണം. നാഗേശ്വരൻറെ ഫോൺ: 7907529234.