എടപ്പാൾ: സർക്കാർ ഓഫീസുകളുടെ സേവനം വിലയിരുത്താനുള്ള ‘എന്റെ ജില്ല’ ആപ്ലിക്കേഷൻ നിലവിൽവന്നെങ്കിലും ഉള്ള സേവനങ്ങൾ പലതും കട്ടപ്പുറത്തായി.

സർക്കാർ സ്ഥാപനങ്ങളുടെ സേവനം വിലയിരുത്തി ഒന്നുമുതൽ അഞ്ചുവരെ റേറ്റിങ് രേഖപ്പെടുത്താനുള്ള സംവിധാനമാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ പലപ്പോഴായി നടപ്പാക്കിയതും പ്രഖ്യാപിച്ചതുമായ പല സംവിധാനങ്ങളും കാര്യക്ഷമമല്ലാതെയും പ്രവർത്തനസജ്ജമാക്കാതെയും അവശേഷിക്കുന്നു.

സർക്കാർ വകുപ്പുകളിൽ പോലീസിലും തദ്ദേശസ്ഥാപനങ്ങളിലുമാണ് ഇലക്‌ട്രോണിക് രൂപത്തിൽ അപേക്ഷകൾക്കും പരാതികൾക്കും രസീത്‌ നൽകുന്ന പൂർണ സംവിധാനമുള്ളത്. ജനങ്ങൾ ഏറ്റവുമധികം സമീപിക്കുന്ന 1600-ൽപരം വില്ലേജ് ഓഫീസുകളിൽ ഇതില്ല.

ഇ-ഓഫീസ് നടപ്പാക്കിയെങ്കിലും അപേക്ഷകളും പരാതികളും ഇ-ഫയൽ ചെയ്യാനുള്ള ഇ-ആപ്ലിക്കേഷൻ പിൻവലിച്ചത് പുനഃസ്ഥാപിച്ചില്ല. ഇത് പുനഃസ്ഥാപിക്കുന്നതാരാണെന്ന കാര്യത്തിൽ ഐ.ടി. മിഷനും സംസ്ഥാന എൻ.ഐ.സി.യും തമ്മിൽ തർക്കം തുടരുകയാണിപ്പോഴും.

സർക്കാർ സേവനങ്ങളെല്ലാം ഒറ്റക്കുടക്കീഴിലാക്കാനുള്ള എം-കേരളം ആപ്പ് പിൻവലിച്ച് രണ്ടുവർഷമായി. ഭൂനികുതി അടയ്ക്കാൻ ആപ്പ് കൊണ്ടുവരുമെന്നും അക്ഷയ കേന്ദ്രങ്ങളെ ഇതിനായി പ്രാപ്തമാക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും വർഷങ്ങളായിട്ടും നടപ്പായില്ലെന്നതും കോവിഡ് കാലത്ത് ജനങ്ങൾക്ക് ഏറെ തിരിച്ചടിയായി.

ഉദ്യോഗസ്ഥരുടെ ഹാജർ രേഖപ്പെടുത്താനും ‘മുങ്ങൽ വിദഗ്ധരെ’ കണ്ടെത്താനും സാധിക്കുമായിരുന്ന ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കിയെങ്കിലും കോവിഡ് വന്നതോടെ വേണ്ടെന്നുവെച്ചു. ഹാജരും സ്‌പാർക്കുമായി ബന്ധിപ്പിക്കാനായി സ്‌പാർക്ക് ഓൺലൈൻ എന്ന ആപ്പ്‌ ഇറക്കിയെങ്കിലും നടപ്പായില്ല.

വില്ലേജുകളിലടക്കമുള്ള സർക്കാർ ഓഫീസുകളിൽ കുടുംബശ്രീയെ ഉപയോഗിച്ച് സേവനകേന്ദ്രമാരംഭിക്കുമെന്ന ആശയം ഇപ്പോൾ മോട്ടോർവാഹന വകുപ്പിൽ നടപ്പാക്കിയെങ്കിലും മറ്റൊരിടത്തുമുണ്ടായില്ല. ഇ-ട്രഷറി സേവനവും പൂർണമാകാത്തതിനാൽ നേരിട്ട് ട്രഷറിയിലെത്തേണ്ട സാഹചര്യം നിലനിൽക്കുകയാണ്.