കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 300 കോടി രൂപ മുടക്കിയുള്ള വികസനത്തിന് സമർപ്പിക്കപ്പെട്ട ബദൽ നിർദേശം കടലാസിലൊതുങ്ങുന്നു.

152 ഏക്കർ ഭൂമി വികസനത്തിനായി ഏറ്റെടുക്കാനാണ് അതോറിറ്റി ശ്രമിച്ചിരുന്നത്. ഇതു പ്രായോഗികമല്ലെന്നും നൂറേക്കർ വരെയേ ഏറ്റെടുക്കാനാകൂവെന്നും സംസ്ഥാന സർക്കാർ നിലപാടെടുത്തതോടെയാണ് വിമാനത്താവള വികസനത്തിന് ബദൽരേഖ തയ്യാറാക്കിയത്. എന്നാൽ ബദൽരേഖയോട് മുഖംതിരിക്കുകയാണ് എയർപോർട്ട് അതോറിറ്റി.

വിമാനത്താവളത്തിൽ ലഭ്യമായ ഭൂമികൂടി ഉപയോഗപ്പെടുത്തി വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ബദൽ പദ്ധതി തയ്യാറാക്കിയത്. അരവിന്ദ് സിങ് ചെയർമാനായ സമയത്താണ് ഈ ബദൽ നിർദേശം സമർപ്പിക്കപ്പെട്ടത്.

റൺവേയുടെ തെക്കുഭാഗത്ത് അന്താരാഷ്‌ട്ര ടെർമിനൽ, കാർപാർക്കിങ്, ഏഴുനിലയിൽ ഡ്രൈവ് ഇൻ ടെർമിനൽ എന്നിവ ഉൾപ്പെട്ടതായിരുന്നു 152 ഏക്കർ സ്ഥലത്തിന്റെ പ്രോജക്ട്. ഇതിനുപുറമെ റൺവേ 13,000 അടിയായി നീളംകൂട്ടൽ, പുതിയ ഫയർസ്റ്റേഷൻ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് സ്ഥലമേറ്റെടുക്കൽ നടപടികൾ എങ്ങുമെത്തിയില്ല.

ഇതേത്തുടർന്ന് നൂറേക്കർ ഏറ്റെടുത്തുനൽകാമെന്ന് സംസ്ഥാനസർക്കാർ വാഗ്‌ദാനം നൽകി. പിന്നാലെയാണ്‌ വിമാനത്താവളത്തിലെ വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിൽ ബദൽ നിർദേശം മുന്നോട്ടുവെച്ചത്.

മുപ്പതിൽ താഴെ വീടുകളെമാത്രം ബാധിക്കുന്ന തരത്തിലുള്ള ഏറ്റെടുക്കലാണ് ഇവർ നിർദേശിച്ചത്. നിലവിൽ അതോറിറ്റിയുടെ കൈവശമുള്ള സ്ഥലം ഉൾപ്പെടുത്തി റൺവേ നീളം കൂട്ടാമെന്നതായിരുന്നു പ്രധാന നിർദേശം. ഇതു നടപ്പാക്കാൻ ഇരുപതിൽതാഴെ കുടുംബങ്ങളെയേ ഒഴിപ്പിക്കേണ്ടിവരൂ.

നിലവിലെ ഇന്ധനക്കമ്പനികളുടെ സംഭരണകേന്ദ്രങ്ങൾ, എ.ടി.സി. ടവർ എന്നിവ മാറ്റിസ്ഥാപിക്കുകയും വിമാനത്താവള സ്‌കൂളിനോടു ചേർന്നുള്ള ക്വാർട്ടേഴ്സുകൾ മാറ്റി ആ സ്ഥലംകൂടി ഉപയോഗപ്പെടുത്തിയും പുതിയ ടെർമിനൽ നിർമിക്കാമെന്നും പദ്ധതിയിലുണ്ടായിരുന്നു.

ഏറ്റവും കുറഞ്ഞ കുടിയൊഴിക്കൽ മതിയെന്നതിനാൽ സംസ്ഥാന സർക്കാരും പദ്ധതിക്ക് സമ്മതംമൂളി. മുൻ ചെയർമാന്റെ കാലത്ത് അവസാനഘട്ട അനുമതിക്കായി സമർപ്പിക്കപ്പെട്ടതാണു പദ്ധതി.

എന്നാൽ പുതിയ ചെയർമാൻ സ്ഥാനമേറ്റെടുത്തതോടെ പഴയ 152 ഏക്കർ പദ്ധതിയാണ് വീണ്ടും മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം കോഴിക്കോട് യൂണിവേഴ്സിറ്റിയിൽനിന്ന്‌ കോഴിക്കോട് വിമാനത്താവളത്തിലേക്ക് 8.7 കിലോമീറ്റർ നാലുവരിപ്പാതയാണ്. ഇതിനായിമാത്രം 150-ൽ കൂടുതൽ ഏക്കർ ഏറ്റെടുക്കേണ്ടിവരും.

ഈ റോഡ് യാഥാർഥ്യമാകാതെ റൺവേയുടെ തെക്കുഭാഗത്ത് പുതിയ ടെർമിനൽ സാധ്യമാകില്ല. കോടികൾ മുടക്കി റോഡിനായി സ്ഥലമേറ്റെടുക്കാൻ സംസ്ഥാനസർക്കാർ തയ്യാറാവില്ല. ഇതോടെ ഫലത്തിൽ വിമാനത്താവളവികസനം ഇരുളടയും.