ചേർപ്പ്: മുത്തുള്ളിയാൽ പട്ടിയക്കാരൻ ജിഷാദിന്റെ വീട്ടിലേക്കുള്ള വഴി ചെളി നിറഞ്ഞതും ഇടുങ്ങിയതുമാണ്. വീട്ടിലെത്തിയാൽ ആ മനസ്സിന്റെ വിശാലത അറിയാം. മനുഷ്യത്വം മതങ്ങളുടെ മതിൽക്കെട്ട് ഭേദിക്കുന്ന കാഴ്‌ച. ഒറ്റമുറി മാത്രമുള്ള വാടകപ്പുരയിലെ മുതിർന്നവരെ കോവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ രണ്ട്‌ കുഞ്ഞുങ്ങൾക്ക് അഭയം നൽകിയത് ജിഷാദ് എന്ന മുപ്പത്താറുകാരന്റെ ഈ വീട്ടിലാണ്. ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട് ഒറ്റയ്ക്കുകഴിയുന്ന ജിഷാദിനെ കൂടാതെ നല്ല അയൽക്കാരും ആ മക്കൾക്ക് സ്നേഹത്തണലായി. നാലും പതിനൊന്നും വയസ്സുള്ള ഇവരെ മക്കളെപ്പോലെ സംരക്ഷിക്കുകയാണ്. ജിഷാദിനെ കൂടാതെ നല്ല അയൽക്കാരും അവരുടെ മക്കളും തണലായുണ്ട്.

ചേർപ്പ് പടിഞ്ഞാട്ടുമുറി കുർമായിക്കുളത്തിനു സമീപത്തെ ഒറ്റമുറി വാടകവീട്ടിൽ താമസിക്കുന്ന എരിഞ്ഞേരി ബാലകൃഷ്ണന്റെ മകൾ ദിവ്യയുടെ മക്കളായ ആദികൃഷ്ണ (11), ആദിദേവ് കൃഷ്ണ (നാല്‌) എന്നിവർക്കാണ് സംരക്ഷണം നൽകിയത്. കുട്ടികളുടെ അച്ഛന് അഞ്ചുകൊല്ലമായി വീടുമായി ബന്ധമില്ല.

കോവിഡ് മൂർച്ഛിച്ചതിനെത്തുടർന്ന് ബാലകൃഷ്ണൻ, ഭാര്യ ലീല, മക്കളായ ദിലീപ്, ദിവ്യ എന്നിവർ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഓക്സിജന്റെ സഹായം വേണ്ടിവന്ന ഭർത്താവിനും മക്കൾക്കും ആശുപത്രിയിൽ സഹായിയായിട്ടുള്ളത് ലീലയാണ്.

ചൊവ്വൂരിൽ ഫർണിച്ചർ പോളിഷ് പണിക്കാരനായ ജിഷാദിന് കുഞ്ഞായിരിക്കുമ്പോൾ അപകടത്തിൽ പിതാവ് നഷ്ടപ്പെട്ടു. മൂന്നരക്കൊല്ലംമുമ്പ് രോഗത്തെത്തുടർന്ന് മാതാവും. ശേഷം ഒറ്റയ്ക്കാണ് താമസം. ജോലിക്കു പോകുന്ന സമയം തൊട്ടടുത്ത ഷെക്കീലാ അമീറിന്റെ വീട്ടിലും നസീജാ മുത്തലിഫിന്റെ വീട്ടിലുമാണ് കുട്ടികൾ. ഹെർബർട്ട് കനാലിൽ താമസിക്കുന്ന സലീഷും ഷെക്കീലയും കുട്ടികൾക്കുള്ള ഭക്ഷണം എത്തിക്കും.

‘‘ഞങ്ങൾക്ക് വീടില്ല. വാടകവീടാണ്. ഒരു മുറിയെ ഉള്ളൂ...’’-ആളുകൾ വിശേഷങ്ങൾ ചോദിക്കുമ്പോഴെല്ലാം നാലുവയസ്സുകാരൻ ആദിദേവ് സങ്കടത്തോടെ പറയും.