തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്കിൽ കുടിശ്ശികയായ നാലരക്കോടി മറ്റൊരു സഹകരണബാങ്കിലേക്ക് മാറ്റിയ സി.പി.എം. നേതാവ് ഒരു സഹകരണസംഘത്തിലെ മൂന്നുകോടി കാണാതായ സംഭവത്തിൽ അന്വേഷണം നേരിട്ടയാൾ. താലൂക്ക്തലത്തിലുള്ള ഒാട്ടോത്തൊഴിലാളികളുടെ സഹകരണസംഘത്തിലെ മൂന്നുകോടി കാണാതായ സംഭവത്തിലാണ് ഇൗ നേതാവിനെപ്പറ്റി പാർട്ടി അന്വേഷണം നടത്തിയത്. എന്നാൽ, ഈ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നില്ല.

നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന ഇൗ സഹകരണസംഘത്തിൽ 2013 മുതൽ 2018 വരെ പ്രസിഡന്റായിരുന്നു ഇൗ നേതാവ്. അതിനുമുമ്പ് അഞ്ചുവർഷം സംഘത്തിന്റെ പ്രസിഡന്റായിരുന്ന വ്യക്തിയെ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം. തരംതാഴ്‌ത്തിയിരുന്നു. എന്നാൽ,‍ മൂന്നുകോടി കാണാതായ കാലത്ത് പ്രസിഡന്റായിരുന്ന വ്യക്തിക്കെതിരേ നടപടിയെടുത്തില്ല.

ഒരാൾക്ക് പരമാവധി 50 ലക്ഷം രൂപ മാത്രമാണ് കരുവന്നൂർ ബാങ്കിൽ വായ്പയായി അനുവദിക്കുക എന്ന നിബന്ധന നിലനിൽക്കെ ഇൗ നേതാവ് ഭരണസമിതിയിൽ സ്വാധീനം ചെലുത്തി വേണ്ടപ്പെട്ട ഒരാൾക്ക് നാലരക്കോടിയോളം വായ്പ തരപ്പെടുത്തിക്കൊടുത്തു. ഇൗ വ്യക്തിയുടെ സ്ഥലം ഇൗടുവെച്ച് നാലരക്കോടിയെടുത്ത് നേതാവ് അതിൽ ഒരുഭാഗം സ്വന്തമാക്കി.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തറിഞ്ഞതോടെ പിടിക്കപ്പെടുമെന്നു ഭയന്ന ഇൗ നേതാവ് ഇൗ വായ്പ കരുവന്നൂർ ബാങ്കിൽനിന്ന് സമീപപഞ്ചായത്തിലെ സഹകരണ ബാങ്കിലേക്ക് മാറ്റി. ഇൗ ബാങ്കിന്റെ ഉന്നതതസ്തികയിൽ ഇൗ നേതാവിന്റെ അടുത്തബന്ധുവുമുണ്ട്. ഭരണസമിതി ഇടതുമുന്നണിയുമാണ്. ഇൗ സംഭവവും പാർട്ടി അന്വേഷിക്കുന്നുണ്ട്. ഇൗ ബാങ്കിൽ പ്രസിഡന്റിന്റെ പ്രത്യേക ഫണ്ടിൽനിന്ന് 1.85 ലക്ഷം കാണാതായ സംഭവത്തിൽ ഇൗ നേതാവാണ് പ്രതിയെന്നു കാണിച്ച് പ്രസിഡന്റ് പാർട്ടിക്ക് പരാതി നൽകിയിരുന്നു.