തിരുവനന്തപുരം: ഭിന്നശേഷിക്കാരെ മലയാള ഭാഷയിലെ അക്ഷരങ്ങളും വാക്കുകളും എളുപ്പത്തിൽ പഠിപ്പിക്കാൻ ഉതകുന്ന രണ്ട് പുസ്തകങ്ങൾ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെന്റൽ റിട്ടാർഡേഷൻ(സി.എം.ആർ.ഐ.) തയ്യാറാക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

ആകൃതിയിൽനിന്ന് അക്ഷരങ്ങളിലേക്ക്‌, ആകൃതിയിൽനിന്നു വാക്കുകളിലേക്ക്‌ എന്നീ പുസ്തകങ്ങളാണ് തയ്യാറാക്കിയത്. സി.ഐ.എം.ആർ. ഡയറക്ടർ ഫാ. തോമസ് ഫെലിക്‌സിന്റെ ആശയമാണ് ഈ പുസ്തകങ്ങൾക്കു പിന്നിൽ.

അക്ഷരങ്ങൾ നേരിട്ട് പഠിക്കുന്നതിനേക്കാൾ ആകൃതിയിൽനിന്ന് അക്ഷരങ്ങളും വാക്കുകളും രൂപപ്പെടുന്നത് പഠിപ്പിക്കാനാണ് ശ്രമം. അമ്മമാർക്ക് പരസഹായം കൂടാതെ കുട്ടികളെ പഠിപ്പിക്കാനുമാവും. ഡെപ്യൂട്ടി മേയർ പി.കെ.രാജു പങ്കെടുത്തു. എൺപത് തികഞ്ഞ ഫാ. തോമസ് ഫെലിക്‌സിനെ ഗവർണർ ആദരിച്ചു.