കൊച്ചി: ആറു മാസം മാത്രം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ ശൗചാലയത്തിൽ കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. 17-കാരി ഗർഭം അലസി പ്രസവിച്ച് ഉപേക്ഷിച്ചതാണ് ശിശുവെന്ന് പോലീസ് കണ്ടെത്തി.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കടുത്ത വയറുവേദനയ്ക്ക് ചികിത്സ തേടി രാവിലെ ഏഴോടെയാണ് പെൺകുട്ടി മാതാവിനൊപ്പം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയത്. ഇതിനിടെ പെൺകുട്ടി തനിയെ ആശുപത്രിയിലെ ശൗചാലയത്തിൽ പോയി. അവിടെ പ്രസവിക്കുകയായിരുന്നു. പെൺകുട്ടി ശിശുവിനെ അവിടെ ഉപേക്ഷിച്ചു.

മൃതദേഹം കണ്ടെത്തിയ ശുചീകരണ തൊഴിലാളികൾ ആശുപത്രി അധികൃതരെ അറിയിച്ചു. തുടർന്ന് പോലീസ് ആശുപത്രിയിലെത്തി അന്വേഷണം തുടങ്ങി. ശൗചാലയത്തിനു സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പെൺകുട്ടി പ്രസവിച്ചതായിരുന്നു ശിശുവിനെ എന്ന് തിരിച്ചറിഞ്ഞത്. പെൺകുട്ടി പോലീസിനോട് ഇത് സമ്മതിക്കുകയും ചെയ്തു. ശിശുവിന്റെ അസ്വാഭാവിക മരണത്തിനും 17 വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെയും ആശുപത്രി അധികൃതരുടെയും മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും കടുത്ത മാനസിക ബുദ്ധിമുട്ടിലാണ്. പെൺകുട്ടിയെ പീഡിപ്പിച്ച ആളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പീഡന വിവരവും ഗർഭിണിയാണെന്ന കാര്യവും പെൺകുട്ടി വീട്ടുകാരോടും പറഞ്ഞിരുന്നില്ല. മൃതദേഹം വിദഗ്ദ്ധ പരിശോധനയ്ക്കായി മാറ്റി.