തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം പുറത്തിറക്കിയ രണ്ടാംവർഷ എം.എ. അറബിക് പാഠപുസ്തകത്തിൽ വഹാബിസത്തെ മഹത്വവത്കരിക്കുന്ന ഭാഗം ഉൾപ്പെടുത്തിയത് വിവാദത്തിൽ. ‘ഹിസ്റ്ററി ഓഫ് കണ്ടംപററി അറബിക് വേൾഡ്’ എന്ന പാഠപുസ്തകം വഹാബിസത്തെ മഹത്വവത്കരിക്കുന്നതും വെള്ളപൂശുന്നതുമാണെന്നാരോപിച്ച് എസ്.എസ്.എഫ്. സർവകലാശാലയിലേക്ക് മാർച്ച് നടത്തി.

പാഠപുസ്തകങ്ങൾ പരിശോധിച്ച് വികല ആശയങ്ങൾ തിരുത്താൻ സ്‌ക്രൂട്ടനിങ് കമ്മിറ്റിയെ നിശ്ചയിക്കണമെന്നും ഇത്തരം ഭാഗങ്ങൾ തിരുകിക്കയറ്റാൻ ശ്രമിച്ചവർക്കെതിരേ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്് ഭാരവാഹികൾ വൈസ് ചാൻസലർക്ക് നിവേദനം നൽകി. എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ. സ്വാദിഖലി ബുഖാരി, ടി. അബൂബക്കർ, ആദിൽ അമീൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

എസ്.എസ്.എഫ്. ജില്ലാസെക്രട്ടറി മുഹമ്മദ് അഫ്‌ളൽ പി.ടി, അർഷാദ് വി.പി. സാബിത്, മുഹ്‌സിൻ പി, അൽത്താഫ് തേഞ്ഞിപ്പലം, മുർഷിദ് പി. എന്നിവർ മാർച്ചിന് നേതൃത്വംനൽകി.