എടപ്പാൾ: കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം മിച്ചഭൂമി, പതിവ് പട്ടയങ്ങൾ, ലാൻഡ് ട്രിബ്യൂണലുകളുടെ ക്രയസർട്ടിഫിക്കറ്റുകൾ എന്നിവയിലൂടെയുള്ള ഭൂമിയുടെ കൈമാറ്റം ഇനി രജിസ്‌ട്രേഷൻ വകുപ്പിനെ അറിയിക്കണം.

ഇത്തരം വസ്തുകൈമാറ്റം സംബന്ധിച്ച വിവരങ്ങൾ രജിസ്ട്രാർ ഓഫീസുകളിൽ രേഖപ്പെടുത്താത്തതിനാൽ ബാധ്യതാരഹിത സർട്ടിഫിക്കറ്റുകൾ തേടിച്ചെല്ലുന്നവർ പ്രയാസം അനുഭവിച്ചിരുന്നു. ബാധ്യതാസർട്ടിഫിക്കറ്റുകൾ പഴയ ജന്മിയുടെ പേരിൽത്തന്നെ നൽകുന്നതുമൂലം ഇപ്പോഴത്തെ ഉടമകളനുഭവിക്കുന്ന പ്രയാസത്തിന് ഇതോടെ അറുതിയാകും. കോടതികൾ സ്ഥാവര വസ്തുവിനെ (ഭൂമിയെ) സംബന്ധിച്ചു പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ പകർപ്പ് വസ്തു സ്ഥിതിചെയ്യുന്ന പ്രദേശത്തെ സബ് രജിസ്ട്രാർക്ക് അയച്ചുകൊടുക്കണമെന്ന് 1908 മുതൽ നിയമമുണ്ട്. ഇതനുസരിച്ച മാറ്റങ്ങൾ അവിടത്തെ ഒന്നാംനമ്പർ പുസ്തകത്തിൽ സബ്‌രജിസ്ട്രാർ രേഖപ്പെടുത്തുകയും വേണം. ഭൂപരിഷ്‌കരണ നിയമപ്രകാരം കുടിയാൻമാർ, കുടികിടപ്പുകാർ, കാരായ്‌മക്കാർ എന്നിവർക്ക് ലാൻഡ് ട്രൈബ്യൂണലിൽനിന്ന് നൽകുന്ന ക്രയസർട്ടിഫിക്കറ്റുകൾ, മിച്ചഭൂമി പതിവു നടപടികൾ എന്നിവയിലൂടെ സ്ഥാവരവസ്തുക്കളുടെ കൈമാറ്റമാണ് നടക്കുന്നത്. എന്നാൽ ഇതിനനുസരിച്ച ഉടമസ്ഥതാമാറ്റം സബ് രജിസ്ട്രാർ ഓഫീസുകളിലെ റെക്കോർഡുകളിൽ ഇപ്പോഴും വരുന്നില്ല. അത്തരം അവകാശം ലഭിച്ച ആളുകൾ ഭൂമിയുടെ ബാധ്യതാരഹിത സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കുമ്പോൾ ഇപ്പോഴും മുൻ ജന്മിയുടെ പേരിൽ രേഖപ്പെടുത്തിയ രീതിയിലാണ് രജിസ്ട്രാർമാർ നൽകുന്നത്. ഇതുമൂലം ഭൂമിയുടെ കൈവശക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ സർക്കാർ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ലാൻഡ് ബോർഡ് പുതിയ നിർദേശം പുറപ്പെടുവിച്ചത്.

ഭൂമിയുടെ അവകാശം സിദ്ധിച്ചിട്ടും ബാധ്യതാരഹിത സർട്ടിഫിക്കറ്റിൽ ഇതു പ്രതിഫലിക്കാത്തതിനാൽ ആനുകൂല്യലഭ്യതയിലടക്കമുള്ള പ്രയാസങ്ങൾ ഒഴിവാക്കാൻ പുതിയ നിർദേശം വഴിവെക്കും. ഇനിമുതൽ ക്രയസർട്ടിഫിക്കറ്റ്‌ അനുവദിക്കുമ്പോൾ അതിന്റെ പകർപ്പ് ലാൻഡ് ട്രിബ്യൂണലും മിച്ചഭൂമി പതിവ് നടത്തുന്നതിന്റെ പകർപ്പ് തഹസിൽദാരും ഭൂമി സ്ഥിതിചെയ്യുന്ന സ്ഥലത്തെ സബ്‌രജിസ്ട്രാർക്ക് അയച്ചുകൊടുക്കണം. രജിസ്ട്രാർ 1908-ലെ ഇന്ത്യൻ രജിസ്‌ട്രേഷൻ നിയമപ്രകാരം ഇതിനനുസരിച്ച മാറ്റങ്ങൾ ഓഫീസിലെ രജിസ്റ്ററുകളിൽ വരുത്തണമെന്നാണ് ലാൻഡ് ബോർഡ് ജില്ലാ കളക്ടർമാർക്കും ലാൻഡ് ട്രിബ്യൂണലുകൾക്കും രജിസ്‌ട്രേഷൻ വകുപ്പിനും നൽകിയ നിർദേശം.