തിരുവനന്തപുരം: സീറ്റ് വിഭജന ചർച്ചയുമായി സി.പി.എം. മുന്നോട്ടുനീങ്ങവെ, അടുക്കാതെ സി.പി.ഐ.

സീറ്റുകളുടെ വെച്ചുമാറ്റത്തിലും വിട്ടുനൽകലിലുമാണ് സി.പി.ഐ.ക്ക് വിയോജിപ്പ്. കേരള കോൺഗ്രസ് (എം) ഒഴികെയുള്ള കക്ഷികളുമായി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തിങ്കളാഴ്ച ദീർഘമായ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. എൽ.ജെ.ഡി., കേരള കോൺഗ്രസ്(എം) എന്നീ പുതിയ കക്ഷികൾക്ക് നൽകുന്ന സീറ്റിന്റെ കാര്യത്തിൽ തിരുമാനമാകണമെങ്കിൽ നിലവിലെ കക്ഷികളുമായി ധാരണയുണ്ടാക്കണം. അതുകൊണ്ടാണ്, ജോസ് കെ. മാണിയുമായുള്ള ചർച്ച അടുത്തദിവസത്തേക്ക് മാറ്റിയത്.

സി.പി.ഐ.

കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകളാണ് സി.പി.ഐ. വിട്ടുനൽകേണ്ടത്. ഇത് ജോസ് കെ. മാണിക്ക് നൽകേണ്ടിവരുമ്പോൾ പകരം ഏതെന്ന കാര്യത്തിൽ തീർപ്പുണ്ടാക്കാനാകാത്തതാണ് പ്രശ്നം. ഇരിക്കൂറിന് പകരംസീറ്റ് ലഭിച്ചില്ലെങ്കിൽ കണ്ണൂർജില്ലയിൽ സി.പി.ഐ.ക്ക് പങ്കാളിത്തമുണ്ടാകില്ല. കാഞ്ഞിരപ്പള്ളിക്കുപകരം പൂഞ്ഞാറാണ് അവരുടെ ലക്ഷ്യം. പൂഞ്ഞാറിൽ സ്വന്തം സ്ഥാനാർഥി വേണമെന്ന നിലപാടാണ് സി.പി.എമ്മിന്. പറവൂർ സീറ്റ് സി.പി.എമ്മിന് കൈമാറണമെന്ന ആവശ്യവും സി.പി.ഐ.ക്ക് മുമ്പിലുണ്ട്.

ജെ.ഡി.എസ്.

കഴിഞ്ഞതവണ മത്സരിച്ച അഞ്ചുസീറ്റുതന്നെ വേണമെന്ന നിലപാട്. നാലുസീറ്റേ നൽകൂവെന്ന് സി.പി.എം. പറയുന്നു. കോവളം, തിരുവല്ല, ചിറ്റൂർ, അങ്കമാലി എന്നീ സീറ്റുകളാകും ജെ.ഡി.എസിന് നൽകുക. വടകര വിട്ടുനൽകാൻ ജെ.ഡി.എസിന് വിയോജിപ്പുണ്ട്.

എൽ.ജെ.ഡി.

നാലുസീറ്റ് നൽകാമെന്നാണ് എൽ.ജെ.ഡി.യെയും അറിയിച്ചിട്ടുള്ളത്. കൂത്തുപറമ്പ്, വടകര, കൽപറ്റ എന്നിവയും മറ്റൊരുസീറ്റുമാണ് എൽ.ജെ.ഡി.യ്ക്കായി കണക്കാക്കുന്നത്.

ചർച്ചകൾ ഇനിയുമുണ്ടാകുമെന്നും സീറ്റ് വിഭജനം തർക്കങ്ങളില്ലാതെ പരിഹരിക്കപ്പെടുമെന്നും എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ പ്രതികരിച്ചു.

എൻ.സി.പി.

നാലുസീറ്റ് ആവശ്യപ്പെട്ടു. മൂന്നുസീറ്റുമാത്രമേ നൽകാനാകൂവെന്ന് സി.പി.എം. നേതൃത്വം അവരെ അറിയിച്ചു. കുട്ടനാടോ എലത്തൂരോ വെച്ചുമാറേണ്ടിവരുമെന്ന നിർദേശവും സി.പി.എം. മുന്നോട്ടുവെച്ചു. എ.കെ. ശശീന്ദ്രനാണ് മത്സരിക്കുന്നതെങ്കിൽ എലത്തൂർ സീറ്റിൽ മാറ്റംവേണ്ടെന്ന നിലപാടാണ് സി.പി.എമ്മിന്. കുട്ടനാട് സി.പി.എം. ഏറ്റെടുത്ത് പകരം മറ്റൊരുസീറ്റ് നൽകാനാണ് ആലോചന. നിർേദശങ്ങൾ എൻ.സി.പി. അംഗീകരിച്ചിട്ടില്ല.

ജനാധിപത്യ കേരള കോൺഗ്രസ്

കഴിഞ്ഞതവണ നാലുസീറ്റ്. ഇത്തവണ ഇത് നൽകാനാവില്ലെന്ന് സി.പി.എം. അറിയിച്ചതാണ്. മൂന്നുസീറ്റുവേണമെന്ന ആവശ്യമാണ് അവർ ചർച്ചയിൽ ഉന്നയിച്ചത്. തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന് നൽകരുതെന്ന് സി.പി.എം. ജില്ലാനേതൃത്വം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞതവണ ആന്റണി രാജു മത്സരിച്ച സീറ്റാണിത്. എന്നാൽ, തിരിച്ചെടുക്കേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിയും കോടിയേരിയും സ്വീകരിച്ചത്. ഒരുപക്ഷേ, അവർക്ക് ചങ്ങനാശ്ശേരികൂടി നൽകിയേക്കും.