തിരുവനന്തപുരം: കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ പരിഹസിച്ച സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് തിരുത്തണമെന്നും, ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി മാപ്പുപറയണമെന്നും ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിർമലാ സീതാരാമനെതിരേ വിരൽ ചൂണ്ടാനൊന്നും തോമസ് ഐസക്കിനാവില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

നവേത്ഥാന നായകൻ മന്നത്ത്‌ പദ്മനാഭനെ അപമാനിക്കുന്ന സമീപനം സി.പി.എം. തുടരുകയാണ്. മന്നത്തിനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന്‌ കൃഷ്ണദാസ് പറഞ്ഞു.

മന്നത്തിന്റെ സംഭാവനകളെ തമസ്‌കരിക്കുന്ന നിലപാടായിരുന്നു എന്നും സി.പി.എമ്മിന്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ലേഖനങ്ങളിലോ പുസ്തകങ്ങളിലോ മന്നത്തെ അനുസ്മരിച്ചിട്ടില്ല. വി.എസും ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യുന്നതും ഇതുതന്നെ. ഗുരുവായൂരിൽ മന്നത്തിന് സ്മാരകം വേണമെന്ന പ്രമേയം നഗരസഭ നിരാകരിച്ചത് മറ്റൊരുദാഹരണമാണ്. ഇപ്പോൾ മന്നത്തെ പ്രകീർത്തിച്ച് പാർട്ടിയുടെ മുഖപത്രത്തിൽ ലേഖനമെഴുതിയത് തിരഞ്ഞെടുപ്പ് ക്യാപ്‌സൂളാണ്- അദ്ദേഹം പറഞ്ഞു.