തിരുവനന്തപുരം: യു.പി.എ. സർക്കാർ അധികാരത്തിലിരിക്കെ കർഷകർക്കായി ഒന്നും ചെയ്യാതിരുന്നിട്ട് രാഹുൽഗാന്ധി ട്രാക്ടറിൽ കയറി സമരം ചെയ്യുന്നതിൽ കാര്യമില്ലെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഗാന്ധിപ്പാർക്കിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ നിർമലാ സീതാരാമനും അടുത്തിടെ കേരളത്തിലെത്തിയിരുന്നു. രാഹുൽഗാന്ധി കടലിൽ ചാടുകയും ട്രാക്ടറിൽ കയറുകയും ചെയ്തു. യു.പി.എ. സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നൽകിയത്. കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ശുപാർശ ചെയ്ത റിപ്പോർട്ട് യു.പി.എ. സർക്കാർ നടപ്പാക്കിയില്ലെന്നും വൃന്ദാ കാരാട്ട് കുറ്റപ്പെടുത്തി.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി അധ്യക്ഷയായി. എം.ജി.മീനാംബിക, എസ്.പുഷ്പലത, ഗീനാകുമാരി, ജി.ശാരിക, രാധാമണി, സംസ്ഥാന സെക്രട്ടറി പി.സതീദേവി, ജില്ലാ സെക്രട്ടറി വി.അമ്പിളി തുടങ്ങിയവർ സംസാരിച്ചു.