കൊല്ലം : പ്ലാസ്റ്റിക് കുപ്പിയിൽനിന്നു പുറത്തിറക്കിയ മൂർഖന്റെ തലയിൽ വടികൊണ്ടു കുത്തിപ്പിടിച്ച് ഉത്രയുടെ കൈയിൽ രണ്ടു പ്രാവശ്യം കടിപ്പിച്ചെന്ന് സൂരജ് വെളിപ്പെടുത്തിയതായി വനം കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ.ജയൻ മൊഴി നൽകി. ഉത്രവധക്കേസ് വിസ്താരത്തിനിടെ കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് മുൻപാകെയാണ് മൊഴി നൽകിയത്.

അണലിയുടെ കടിയേറ്റു കരഞ്ഞ ഉത്രയെ ഒന്നുമില്ലെന്നു പറഞ്ഞ് വീണ്ടും കിടത്തിയെന്നും അനക്കമില്ലെന്നു കണ്ടപ്പോൾ ആൾക്കാരെ വിശ്വസിപ്പിക്കാനാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും സൂരജ് പറഞ്ഞതായി മൊഴി നൽകി. അന്ന് അണലി എവിടെയെന്ന് ആളുകൾ ചോദിച്ചതിനാൽ, മൂർഖനെക്കൊണ്ടു കടിപ്പിച്ച ദിവസം മുറിയിൽത്തന്നെ അതിനെ ഇട്ടിരുന്നെന്നും ഒളിപ്പിച്ചുവെച്ച പ്ലാസ്റ്റിക് കുപ്പി പിന്നീട് മാറ്റാൻ കഴിഞ്ഞില്ലെന്നും സൂരജ് പറഞ്ഞു. ഉത്രയുടെ മരണത്തിൽ തനിക്കു മാത്രമേ പങ്കുള്ളൂവെന്ന് സൂരജ് പറഞ്ഞതായും ജയൻ മൊഴി നൽകി. കേന്ദ്ര വന്യജീവിസംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൈവശംവെച്ചതിനും വിൽപ്പന നടത്തിയതിനും കൊന്നതിനും സൂരജ്, ചാവർകാവ് സുരേഷ്, ഉത്രയുടെ സഹോദരൻ വിഷു എന്നിവരുടെ പേരിൽ കേസെടുത്തെന്നും മൊഴി നൽകി.

ഉത്രയുടെ രക്തത്തിലും കടിയേറ്റിടത്തെ തൊലിയിലും മൂർഖന്റെ വിഷവും ആന്തരികാവയവങ്ങളിലും രക്തത്തിലും സിട്രസിൻ എന്ന മരുന്നും കണ്ടെത്തിയതായി തിരുവനന്തപുരം കെമിക്കൽ അനാലിസിസ് ലബോറട്ടറിയിലെ കെമിക്കൽ എക്സാമിനർ യുറേക്ക മൊഴി നൽകി. ഉത്രയുടെ വീട്ടിൽനിന്നു കുഴിച്ചെടുത്ത പാമ്പ്, പ്ലാസ്റ്റിക് കുപ്പി, തോൾ സഞ്ചി, ഉത്രയുടെ വസ്ത്രം, കിടക്കവിരി എന്നിവയുടെ ഡി.എൻ.എ. പരിശോധന നടത്തിയതായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി ഡി.എൻ.എ. വിഭാഗത്തിലെ സയൻറിഫിക് ഓഫീസർ സുരേഷ്‌കുമാർ മൊഴി നൽകി. പാമ്പിന്റെ സാമ്പിളും പ്ലാസ്റ്റിക് കുപ്പിയിൽനിന്നു കണ്ടെടുത്ത കോശങ്ങളും പരിശോധിച്ചതിൽനിന്ന്‌ അത് ‘നാജനാജ’ എന്ന മൂർഖന്റെ ഡി.എൻ.എ. ആണെന്ന് കണ്ടെത്തി.

അന്വേഷണോദ്യോഗസ്ഥരുടെ സാക്ഷിവിസ്താരം ചൊവ്വാഴ്ച തുടങ്ങും.