പത്തനംതിട്ട: അനുയോജ്യമായ സ്ഥലമില്ലാത്തതിനാൽ വീട് നിർമിക്കാനാകാത്തത് 19080 തോട്ടം തൊഴിലാളി കുടുംബങ്ങൾക്ക്. സൗകര്യപ്രദമായ സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ പലയിടത്തും തോട്ടം തൊഴിലാളികൾക്ക് വീടൊരുക്കുന്നതിന് സഹായിക്കാനാകുന്നില്ലെന്ന വസ്തുത ഗ്രാമപ്പഞ്ചായത്തുകൾ തദ്ദേശവകുപ്പിനെ അറിയിച്ചിരുന്നു. തുടർന്നാണ് ഇതേക്കുറിച്ച് വിശദമായ പരിശോധന നടത്തിയത്. പഞ്ചായത്ത് ഡയറക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തലും നടത്തി. 37 പഞ്ചായത്തുകളിലാണ് ഇത്തരം പ്രശ്നം നിലനിൽക്കുന്നതെന്നാണ് കണ്ടെത്തിയത്.

സംസ്ഥാനത്ത് 132 പഞ്ചായത്തുകളാണ് തോട്ടം മേഖലയിലുള്ളത്. ഈ മേഖലയിൽ ഭവന നിർമാണത്തിന് സ്ഥലം കണ്ടെത്താനുള്ള പ്രശ്നങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച ചെയ്തും താഴെതലത്തിൽ പരിശോധന നടത്തിയും പഞ്ചായത്ത് ഡയറക്ടറാണ് റിപ്പോർട്ട് നൽകിയത്. വിശദാംശങ്ങൾ നൽകണമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാർക്കും നിർദേശമുണ്ടായിരുന്നു.

ഇടുക്കി ജില്ലയിലാണ് ഭവനരഹിതരായ തോട്ടം തൊഴിലാളികളുടെ എണ്ണം കൂടുതൽ. ദേവികുളത്ത് 6,551, മൂന്നാറിൽ 4,465, ചിന്നക്കനാൽ-1,801 എന്നിങ്ങനെയാണ് സ്ഥിതി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, വയനാട്, കാസർകോട് ജില്ലകളിലും തോട്ടം തൊഴിലാളികൾക്ക് വീട് നിർമാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനുളള തീരുമാനവും തദ്ദേശവകുപ്പ് സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയതും.