തിരുവനന്തപുരം: പി.എസ്.സി. ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും പിൻവാതിൽ നിയമനങ്ങൾക്കെതിരേയും 16 ദിവസമായി സെക്രട്ടേിയറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി, എൻ.എസ്. നുസൂർ, റിയാസ് മുക്കോളി എന്നിവർക്ക് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവർ ചേർന്ന് നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ, ബെന്നി ബെഹനാൻ എം.പി., കെ.പി.സി.സി. വൈസ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, ശരത്ചന്ദ്ര പ്രസാദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

യു.ഡി.എഫ്. അധികാരത്തിൽവന്നാൽ ഉദ്യോഗാർഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ന്യായമായ സമരങ്ങളെ മുഖ്യമന്ത്രി അധിക്ഷേപിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ. സമരത്തെ പിന്നിൽനിന്ന് കുത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇടതുസർക്കാർ വീണ്ടും അധികാരത്തിൽവന്നാൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

ഫെബ്രുവരി 14-ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ എന്നിവരാണ് നിരാഹാരം ആരംഭിച്ചത്. ഇവരുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് രണ്ടാംഘട്ടത്തിൽ വൈസ് പ്രസിഡന്റുമാർ സമരം ആരംഭിച്ചത്.

അതേസമയം, സിവിൽ പോലീസ് ഓഫീസർ ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന സമരം 23-ാം ദിവസവും തുടർന്നു. കഴിഞ്ഞദിവസം മന്ത്രി എ.കെ. ബാലനുമായി നടത്തിയ ചർച്ചയെത്തുടർന്ന് ലാസ്റ്റ് ഗ്രേഡ് സർവന്റസ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചിരുന്നു.