കൊച്ചി: സംഗീതത്തെ അറിഞ്ഞയാളല്ല, സംഗീതത്തിന് അറിയാവുന്ന ആളായിരുന്നു എം.കെ. അർജുനൻ എന്ന് തിരക്കഥാകൃത്ത് ജോൺ പോൾ. അന്തരിച്ച സംഗീത സംവിധായകൻ എം.കെ. അർജുനന്റെ സ്മരണാർത്ഥം ഓൾ ആർട്ടിസ്റ്റ് സേവ് അസോസിയേഷനും (ആശ) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും ചേർന്നു സംഘടിപ്പിച്ച ’അർജുനോപഹാരം’ പുരസ്കാര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന രചയിതാവ് ശ്രീകുമാരൻ തമ്പിക്ക്‌ എം.കെ. അർജുനന്റെ മക്കളായ അശോക്, അനിൽ, രേഖ, ശ്രീകല എന്നിവർ ചേർന്ന്‌ ’അർജുനോപഹാരം’ സമർപ്പിച്ചു.

അർജുനന്റെ സംഗീതത്തിൽ നിന്നുയർന്ന നാദബ്രഹ്മം മലയാളിയുടെ കരളിനും കാതിനും ഒരിക്കലും മറക്കാനാകാത്ത ഇമ്പമായിരുന്നുവെന്ന് ഉപഹാരം സ്വീകരിച്ച് ശ്രീകുമാരൻ തമ്പി പറഞ്ഞു.

ചടങ്ങിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ. അധ്യക്ഷനായി. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിങ് ഡയറക്ടർ പി.വി. ആന്റണി പ്രശസ്തിപത്ര സമർപ്പണം നടത്തി. ടി.ജെ. വിനോദ് എം.എൽ.എ. സ്മരണിക പ്രകാശനം ചെയ്തു. സംഗീത സംവിധായകരായ വിദ്യാധരൻ, ബിജിബാൽ, ഗാന രചയിതാക്കളായ വയലാർ ശരത്ചന്ദ്ര വർമ, ആർ.കെ. ദാമോദരൻ, ’ആശ’ പ്രസിഡന്റ് പള്ളുരുത്തി സുബൈർ, സെക്രട്ടറി പീറ്റർ ജോസ്, ജയരാജ് വാരിയർ, കെ.എം. ധർമൻ എന്നിവർ പ്രസംഗിച്ചു.