കോട്ടയം: മോട്ടോർവാഹന വകുപ്പിൽ നിലവിലുള്ള 2:1 അനുപാതത്തിൽ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും സീനിയർ സൂപ്രണ്ടുമാർക്കും ജോയിന്റ്‌ ആർ.ടി.ഒ.യായി സ്ഥാനക്കയറ്റം നൽകുന്ന സ്പെഷ്യൽ റൂൾസ്‌ സർക്കാർ ഉത്തരവിലൂടെ ഭേദഗതിചെയ്തു. ശനിയാഴ്ചയാണ്‌ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവിറങ്ങിയത്‌. ഇത്‌ തിരഞ്ഞെടുപ്പ്‌ ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ച്‌ മിനിസ്റ്റീരിയൽ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞു.

1981-െല സ്പെഷ്യൽ റൂൾസ്‌ പ്രകാരം നിശ്ചിത സാങ്കേതികയോഗ്യതയില്ലാത്ത സീനിയർ സൂപ്രണ്ടുമാർക്കും ജോയിന്റ്‌ ആർ.ടി.ഒ.യായി സ്ഥാനക്കയറ്റം നൽകിയിരുന്നു. ഭേദഗതിയിലൂടെ ഒാട്ടോമൊബൈൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ സ്ഥാനക്കയറ്റത്തിനുള്ള അടിസ്ഥാനയോഗ്യതയാക്കി. ഉത്തരവ്‌ ഭേദഗതിചെയ്തതോടെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രൊമോഷൻ സാധ്യതകൾക്ക്‌ തിരിച്ചടിയായി.

മുമ്പ്‌ സർക്കാർ നടത്തിയ ചർച്ചകളിൽ സ്പെഷ്യൽ റൂൾ ഭേദഗതി സർവീസ്‌ സംഘടനകൾ അംഗീകരിച്ചിരുന്നില്ല. ജോയിന്റ്‌ ആർ.ടി.ഒ. അഡ്‌മിനിസ്‌ട്രേറ്റീവ്‌ പോസ്റ്റ്‌ ആണെന്ന ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി അംഗീകരിച്ചതാണെന്നും ഇവർ വ്യക്തമാക്കുന്നു.

ഭേദഗതിക്കെതിരേ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിലവിൽ കേസുണ്ട്‌. മാർച്ച്‌ 31 വരെ ഭേദഗതി ട്രൈബ്യൂണൽ സ്റ്റേചെയ്തിട്ടുണ്ട്‌. നിയമസഭയുടെ സബ്‌ജക്ട്‌ കമ്മിറ്റിയാണ് സ്പെഷ്യൽ റൂൾ ഭേദഗതി തീരുമാനിക്കേണ്ടതെന്നും സർക്കാർ ഉത്തരവിലൂടെ സ്പെഷ്യൽ റൂൾ സാധിക്കില്ലെന്നും കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്‌ സ്റ്റാഫ്‌ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. പുതിയ ഭേദഗതിക്കെതിരേ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണലിൽ കോടതിയലക്ഷ്യഹർജി നൽകാനൊരുങ്ങുകയാണ്‌ അസോസിയേഷൻ.