കണ്ണൂർ: ഞാൻ ’ഇല്ലാതായിപ്പോയ’ ആ ഒരാഴ്ച... വീണ്ടുമെങ്ങനെ ഞാൻ ജീവിതത്തിലേക്കെത്തിയെന്ന് പിന്നീട് ചോദിച്ചുചോദിച്ചു മനസ്സിലാക്കി അവരോടെല്ലാം നന്ദിപറയുകയാണ്. പക്ഷേ, മൃതസഞ്ജീവിനി പോലെയായ ആ മരുന്നെത്തിച്ചയാളെ മാത്രം ഇതേവരെ കണ്ടെത്താനായില്ല... കോവിഡ് ന്യൂമോണിയ ബാധിച്ച് രോഗമുക്തനായശേഷം ആദ്യമായി പ്രവർത്തനരംഗത്തെത്തിയ എം.വി.ജയരാജൻ പറഞ്ഞു. സ്ഥാനാർഥി നിർണയത്തിനുള്ള ചർച്ചകൾക്കായാണ് ജയരാജൻ തിങ്കളാഴ്ച രാവിലെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന അഴീക്കോടൻ മന്ദിരത്തിലെത്തിയത്. ഒരുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചതെങ്കിലും മൂന്നാഴ്ചയായതോടെ പ്രവർത്തനരംഗത്തെത്തുകയായിരുന്നു.

ചെന്നൈയിലെ ഇൻഫെക്‌ഷണൽ കൺട്രോൾ സ്പെഷ്യലിസ്റ്റ് ഡോ. സുബ്രഹ്മണ്യന്റെ വിദഗ്‌ധോപദേശത്തോടെ നൽകിയ ഇഞ്ചക്ഷനാണ് വീണ്ടും ജീവിതത്തിലേക്കെത്തിക്കുന്നതിൽ നിർണായകമായതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. മെഡിക്കൽ കോളേജിൽ ചില കോവിഡ് ന്യൂമോണിയ രോഗികൾക്ക് നൽകിയ മരുന്നുതന്നെയാണ്. പക്ഷേ, അന്നത്തെ സ്ഥിതിയിൽ അതുപയോഗിക്കാമോ എന്ന സംശയത്തെ തുടർന്ന് ചെന്നൈയിലെ ഡോ. സുബ്രഹ്മണ്യത്തിന്റെ ഉപദേശം തേടി. ഇഞ്ചക്ഷൻ നൽകാമെന്ന് അദ്ദേഹം അറിയിച്ചു. അപ്പോൾ രാത്രി രണ്ടുമണി. കണ്ണൂരിൽ എവിടെയും ആ മരുന്ന് ലഭ്യമല്ല. ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ.സുദീപ്, ജയിംസ് മാത്യു എം.എൽ.എ.യെ വിവരമറിയിച്ചു. രാത്രിതന്നെ എം.എൽ.എ. കോഴിക്കോട്ട് സി.പി.എം. ഓഫീസ് സെക്രട്ടറി കൃഷ്ണനെ വിളിച്ചു. അദ്ദേഹം മരുന്ന് സംഘടിപ്പിച്ച് ഒരു ടാക്സിയിൽ കൊടുത്തയച്ചു. ആ ടാക്സിഡ്രൈവർ പരിയാരത്തെത്തി മരുന്ന് കൈമാറുകയായിരുന്നു. ആ ഇഞ്ചക്‌ഷനുശേഷമാണ് ആരോഗ്യനിലയിൽ മാറ്റം വന്നത്. പക്ഷേ, മരുന്ന് കൊണ്ടുവന്നയാളെ കണ്ടെത്തി നന്ദിവാക്ക് പറയാനായില്ലെന്നതാണ് സങ്കടം. അത്തരത്തിൽ സഹായിച്ച എത്രയോ പേരുണ്ട്. ജീവിതത്തിലേക്ക് തിരിച്ചെത്തിയശേഷം അവരെ മിക്കവരെയും വിളിച്ചു- ജയരാജൻ പറഞ്ഞു.

മരുന്നുകളല്ല, ചികിത്സയുമായി രോഗി സർവംസഹിച്ച് സഹകരിച്ചതാണ്, രോഗിയുടെ ഇച്ഛാശക്തിയാണ് മരണത്തിന്റെ പിടിവിടുവിക്കാൻ സഹായകമായതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ.സുദീപ് പറഞ്ഞു.

തിങ്കളാഴ്ച ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്തെങ്കിലും അടുത്തയാഴ്ചയോടെ മാത്രമേ സ്ഥിരമായി ഓഫീസിലെത്തുകയുള്ളൂവെന്ന് ജയരാജൻ പറഞ്ഞു.