തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യവസായവികസനത്തിന് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ ആസ്തിവകകൾ ഏറ്റെടുക്കാനുള്ള തീരുമാനം 2020-21 ലെ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. കിഫ്ബി വഴി ധനലഭ്യത ഉറപ്പുവരുത്തിയാണ് ഏറ്റെടുക്കൽ. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് 2021 ഫെബ്രുവരി 15-ന് ചേർന്ന കിഫ്ബിയുടെ 41-ാം ജനറൽ ബോഡി പദ്ധതിക്കായി 200.60 കോടി രൂപയുടെ ധനാനുമതി നൽകിയിരുന്നു. തുടർന്ന് ഇതിന്റെ ആദ്യ ഗഡുവായ 72,80,08,500 രൂപ കിഫ്ബി കിൻഫ്രയ്ക്ക് കൈമാറി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് ഈ തുക ഉപയോഗിക്കുക. ഏറ്റെടുക്കുന്ന 300 ഏക്കറിൽ ഒരു വ്യവസായപാർക്ക് സ്ഥാപിക്കും. ഈ 300 ഏക്കർ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ പരിസരത്തു തന്നെയാണുള്ളത്.