കോട്ടയം: കേരള കോൺഗ്രസ് എം എന്ന പേരും ചിഹ്നവും നിയമപരമായി ലഭിച്ചതോടെ പി.ജെ.ജോസഫ് വിഭാഗത്തിനെതിരേ നിയമനടപടികൾ ശക്തമാക്കാൻ ജോസ് വിഭാഗം. രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘനവിഷയത്തിൽ പി.ജെ.ജോസഫിനും മോൻസ് ജോസഫിനും എതിരായ നിലപാടിൽ അയവ് വരുത്തേണ്ടെന്ന് അവർ തീരുമാനിച്ചു. ജോസഫ് വിഭാഗം കേരള കോൺഗ്രസ് എം എന്ന പേര് ഉപയോഗിക്കുന്നതിന് എതിരേയും ശക്തമായി നീങ്ങും.രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ്ങിൽനിന്ന് വിട്ടുനിൽക്കാനാണ് ജോസ് വിഭാഗം തീരുമാനിച്ചത്. റോഷി അഗസ്റ്റിൻ എം.എൽ.എ. വിപ്പും നൽകി. എന്നാൽ, പി.ജെ.ജോസഫും മോൻസ് ജോസഫും യു.ഡി.എഫിന് വോട്ട് ചെയ്തു. ഇത് വിപ്പ് ലംഘനമാണെന്ന് കാട്ടി സ്പീക്കർക്ക് പരാതിയും നൽകി. സ്പീക്കർ ഇരു കൂട്ടരുടെയും ഭാഗം കേട്ടിരുന്നു. വിഷയം നിലനിൽക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു. അംഗീകാരവിഷയം കോടതിനടപടികളിൽ കിടന്നതിനാൽ സ്പീക്കർ തീരുമാനം എടുത്തിരുന്നില്ല. വിപ്പ് ലംഘനത്തിന് അംഗത്വം റദ്ദാക്കുന്നത് സഭയുടെ അവസാനസമയമായതിനാൽ വലിയ കാര്യമില്ല. പക്ഷേ, ഇരുവർക്കും തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അയോഗ്യത ഉണ്ടാക്കാനാകുമോ എന്നതിലാണ് ജോസ് വിഭാഗത്തിന്റെ ആലോചന.കേരള കോൺഗ്രസ് എം എന്ന പേര് കഴിഞ്ഞ ദിവസം മോൻസ് ജോസഫ് തന്റെ പരിപാടിക്ക് ഉപയോഗിച്ചതിന് എതിരേ ജോസ് വിഭാഗം കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. കേരള കോൺഗ്രസ് എം എന്ന പേരും ചിഹ്നവും അനുവദിച്ച് കിട്ടിയതിനാൽ എതിർവിഭാഗം അത് ഉപയോഗിക്കുന്നത് തടയാനാണ് നീക്കം. മറ്റിടങ്ങളിലും സമാനമായ നിയമനടപടി ഉണ്ടാകും.