ചേർത്തല: വയലാറിൽ സംഘർഷത്തിൽ ആർ.എസ്.എസ്. പ്രവർത്തകൻ വെട്ടേറ്റുമരിച്ച സംഭവത്തിൽ ഒരു എസ്.ഡി.പി.ഐ. പ്രവർത്തകൻകൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. അരൂക്കുറ്റി വടുതല സ്വദേശി അബ്ദുൾ ഗഫാറാണ്(48) അറസ്റ്റിലായത്. ഇയാൾ എസ്.ഡി.പി.ഐ. വടുതല ബ്രാഞ്ച് ഭാരവാഹിയാണെന്ന് അന്വേഷണച്ചുമതലയുള്ള ചേർത്തല ഡിവൈ.എസ്.പി. വിനോദ്പിള്ള പറഞ്ഞു. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ആദ്യം അറസ്റ്റുചെയ്തു റിമാൻഡിലായ എട്ടുപ്രതികളെ ചൊവ്വാഴ്ച പോലീസിനു കസ്റ്റഡിയിൽ ലഭിച്ചു. വിശദ ചോദ്യംചെയ്യൽ നടത്തി മറ്റുപ്രതികളെ കണ്ടെത്തുന്നതിനും വിവരങ്ങൾ അറിയുന്നതിനും തെളിവെടുപ്പിനുമായാണു കസ്റ്റഡിയിൽ വാങ്ങിയത്. അടുത്ത എട്ടുവരെയാണ് കസ്റ്റഡി കാലാവധി. പോലീസ് കേസ് പ്രകാരം ഇനി 16 പേരെക്കൂടിയാണു പിടികൂടാനുള്ളത്. ഡിവൈ.എസ്.പി. വിനോദ്പിള്ളയുടെ നേതൃത്വത്തിലുള്ള ഇരുപതംഗങ്ങളാണ്‌ വിവിധസംഘങ്ങളായി തിരിഞ്ഞ് കേസന്വേഷണം നടത്തുന്നത്.