കൊച്ചി: ലോക്ഡൗൺ മുതലുള്ള ഒരുവർഷത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപ. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളിൽ 238 രൂപ വർധിച്ചു. ഡീസൽ വിലയ്ക്കനുസരിച്ച് വാഹനവാടക കൂടുന്നതോടെ പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടുകയാണ്.

കോവിഡ് രൂക്ഷമായ 2020 മാർച്ച് മുതൽ ആഗോള എണ്ണവില ഇടിയാൻ തുടങ്ങിയതോടെ ഇന്ധനവില കുറഞ്ഞിരുന്നു. മാർച്ച് പകുതിയോടെ കേരളത്തിൽ പെട്രോളിന് 70-72 രൂപയായും ഡീസലിന് 65-67 രൂപയായും കുറഞ്ഞു. ജൂൺമുതൽ ഉയരാൻ തുടങ്ങി. 2020 ഡിസംബർ ആദ്യത്തോടെ 82-84ൽ എത്തി. ഈ വർഷം ജനുവരിമുതലുള്ള രണ്ടുമാസത്തിനിടെ മാത്രം പെട്രോളിന് 7.50 രൂപയും ഡീസലിന് എട്ടുരൂപയും വർധിച്ചു.

പിഴിഞ്ഞത് പിൻവലിച്ചാൽ വിലകുറയും

കോവിഡ് കാലത്ത് കേന്ദ്രസർക്കാർ വർധിപ്പിച്ച സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടിയും റോഡ് സെസും കുറച്ചാൽ യഥാക്രമം 13, 16 രൂപയുടെ കുറവ് പെട്രോളിനും ഡീസലിനുമുണ്ടാകും. അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടി വർധിപ്പിച്ചാൽ മാത്രമാണ് സംസ്ഥാനങ്ങൾക്ക് വിഹിതം നൽകേണ്ടത് എന്നതിനാൽ ഇതിൽ വർധന വരുത്തിയില്ല. ഇന്ധനവില റെക്കോഡ് ഉയരത്തിലെത്തിയിട്ടും കോവിഡ് കാലത്ത് വർധിപ്പിച്ച അധികനികുതി കേന്ദ്രസർക്കാർ പിൻവലിച്ചില്ല.

വർഷം-മാസം-പെട്രോൾ-ഡീസൽ

2020-മാർച്ച്-71.71-66.01

2020-ജൂൺ-72.32-66.58

2020-ജൂലായ്-80.89-76.54

2020-ഡിസംബർ-84.15-78.21

2021-ഫെബ്രുവരി 01-86.76-80.98

2021-ഫെബ്രുവരി 28-91.64-86.23

(*കോഴിക്കോട് നഗരം അടിസ്ഥാനമാക്കിയുള്ള വില)

നികുതി വർധന:

2020 മാർച്ച് 14: പെട്രോളിന്റെ സ്‌പെഷ്യൽ എക്‌സൈസ് ഡ്യൂട്ടി രണ്ടു രൂപ വർധിപ്പിച്ച് എട്ടാക്കി. ഡീസലിന്റേത് രണ്ടുരൂപയിൽനിന്നും നാലാക്കി. റോഡ് സെസ് ഒരു രൂപ വീതവും കൂട്ടി.

2020 മേയ് 06: പെട്രോളിന് സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി ഇനത്തിൽ രണ്ടും റോഡ് സെസ് ഇനത്തിൽ എട്ടും രൂപ കൂട്ടി. ഡീസലിന് സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി ഇനത്തിൽ അഞ്ചും റോഡ് സെസ് ഇനത്തിൽ എട്ടും രൂപ വർധിപ്പിച്ചു.

2021 ഫെബ്രുവരി ഒന്ന്: കാർഷിക സെസ് ഇനത്തിൽ പെട്രോളിന് 2.5 രൂപയുടെയും ഡീസലിന് നാലുരൂപയുടെയും വർധന. ഇതിന് അനുപാതികമായി അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടിയിലും സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടിയിലും കുറവുവരുത്തിയതിനാൽ വിലയിൽ പ്രതിഫലിച്ചില്ല.

റിസർവ് ബാങ്ക് ഗവർണർ പറഞ്ഞത്

ഇന്ധനവില ക്രമാതീതമായി ഉയരുന്നത് ഉത്പാദനമേഖലയെ ദോഷകരമായി ബാധിക്കും. ഉത്പന്നങ്ങളുടെ വിലവർധനയ്ക്കിടയാക്കും. പണപ്പെരുപ്പം പരിധിവിട്ടുയരും. നികുതികളും സെസ്സുകളും കുറയ്ക്കലാണ് വില പിടിച്ചുനിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ചെയ്യാനാവുക.