കണ്ണൂർ: ജയിൽ ഉപദേശകസമിതിയുടെ ശുപാർശകൾ പുനരവലോകനം ചെയ്യുന്നതിന് സംസ്ഥാനതലത്തിൽ പുതിയ ഉപദേശകസമിതി രൂപവത്‌കരിച്ചു. പോലീസ്-ജയിൽ പരിഷ്കരണവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷന്റെ ശുപാർശപ്രകാരമാണ് സംസ്ഥാനതലത്തിൽ സമിതിയുണ്ടാക്കിയത്. റിട്ട. ജസ്റ്റിസ് കെ.കെ.ദിനേശനാണ് ചെയർമാൻ. അനൗദ്യോഗികമായി തലശ്ശേരി ബാറിലെ അഭിഭാഷകനായ അഡ്വ. കെ.വിശ്വനെ നിയമിച്ചു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സമിതിയുടെ മെമ്പർ സെക്രട്ടറി. നിയമ വകുപ്പ് സെക്രട്ടറി, സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരാണ് മറ്റംഗങ്ങൽ. ജയിൽ ഉപദേശകസമിതികളുടെ ശുപാർശ തള്ളുകയോ പരിഷ്കരിക്കുകയോ ചെയ്യാനും ഉപദേശകസമിതികളുടെ തീരുമാനത്തിനെതിരായ പരാതികളും പുതിയ അപേക്ഷകളും സ്വീകരിച്ച് സർക്കാരിന് സമർപ്പിക്കാനും സംസ്ഥാനതല ഉപദേശകസമിതിക്ക് അധികാരമുണ്ടാകും.