ആലപ്പുഴ: പദ്ധതിപ്രവർത്തനം അവസാനിക്കാൻ കൃത്യം ഒരുമാസംമാത്രം ബാക്കിനിൽക്കെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഈ സാമ്പത്തികവർഷത്തെ പദ്ധതിച്ചെലവിലെ പുരോഗതി 62.13 ശതമാനം. ട്രഷറിയിൽ പാസാകാതെകിടക്കുന്ന ബില്ലുകൾക്കൂടി പരിഗണിച്ചാൽ പദ്ധതിച്ചെലവ് 68.57 ശതമാനത്തിൽ എത്തും.

കഴിഞ്ഞ സാമ്പത്തികവർഷം ഇതേദിവസം പദ്ധതി പുരോഗതി 54.13 ശതമാനമായിരുന്നു. കോവിഡ് പ്രതിസന്ധി തുടങ്ങിയിരുന്നെങ്കിലും അതിനെക്കാളേറെ ട്രഷറിനിയന്ത്രണത്തിൽ ബില്ലുകൾ കുരുങ്ങി തദ്ദേശസ്ഥാപനങ്ങൾ വിഷമിച്ച സാമ്പത്തികവർഷമായിരുന്നു 2019-20. ആ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് കോവിഡ് പ്രശ്നങ്ങൾ രൂക്ഷമാണെങ്കിലും ഇക്കുറി തദ്ദേശ സ്ഥാപനങ്ങൾ മികച്ചരീതിയിൽ പദ്ധതി പ്രവർത്തനങ്ങൾ നടത്തുന്നെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.

ഇത്തവണ 1,62,044 പദ്ധതികളിലായി 7,275.92 കോടിയാണ് അടങ്കൽത്തുക. ഇതിൽ 4,520.26 കോടിയാണ് ഇതുവരെയുള്ള പദ്ധതിച്ചെലവ്. ട്രഷറിയിൽ പാസാകാതെകിടക്കുന്ന 1,8,015 ബില്ലുകൾകൂടി പരിഗണിച്ചാൽ പദ്ധതിച്ചെലവ് 4,989.31 കോടിയിലെത്തും. മെയിന്റനൻസ് ഗ്രാന്റി‌ന്റേത് ഉൾപ്പെടെ 22,264 ബില്ലുകളിലായി 595.37 കോടിയാണ് ട്രഷറിയിൽനിന്ന് പാസാകാനുള്ളത്.

പദ്ധതിച്ചെലവ് (ശതമാനത്തിൽ)ജില്ലതിരിച്ച്

പത്തനംതിട്ട-66.42

പാലക്കാട്-66.32

തൃശ്ശൂർ-65.27

ആലപ്പുഴ-64.95

വയനാട്-64.44

കോട്ടയം-63.71

കാസർകോട്-63.6

ഇടുക്കി-62.73

മലപ്പുറം-62.06

എറണാകുളം-61.9

കോഴിക്കോട്-61.14

കണ്ണൂർ-60.54

കൊല്ലം-60.46

തിരുവനന്തപുരം-55.42

തദ്ദേശസ്ഥാപനം തിരിച്ച്

ജില്ലാപ്പഞ്ചായത്ത്-66.45

ബ്ളോക്ക് പഞ്ചായത്ത്-71.16

ഗ്രാമപ്പഞ്ചായത്ത്-66.90

നഗരസഭ-58.49

കോർപ്പറേഷൻ-41.20