ആലപ്പുഴ: റേഷൻ സബ്സിഡി പരിമിതപ്പെടുത്താനുള്ള നീതി ആയോഗ് നീക്കം കേരളത്തെ ബാധിക്കാനിടയില്ല. മറ്റു സംസ്ഥാനങ്ങൾക്കു നൽകുന്നതിനേക്കാൾ കുറവ് റേഷൻ സബ്സിഡിയാണ് ഇപ്പോൾ കേരളത്തിനു ലഭിക്കുന്നത്. അതിനാൽ, ഇനി കുറവ് വരുത്താനിടയില്ലെന്നാണു വിലയിരുത്തൽ. മറ്റുസംസ്ഥാനങ്ങിൽ ജനസംഖ്യയുടെ 67 ശതമാനം പേർക്ക് റേഷൻ സബ്സിഡി ലഭിക്കുമ്പോൾ കേരളത്തിൽ 43 ശതമാനം പേർക്കേ ഇതുലഭിക്കുന്നുള്ളൂ. ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയപ്പോൾ 46 ശതമാനംപേർക്ക് ലഭിച്ചിരുന്നു. അതിനുശേഷം കാർഡുടമകളുടെ എണ്ണത്തിൽ വൻവർധനയുണ്ടായി. പക്ഷേ, ആനുപാതികമായി സബ്സിഡി റേഷൻ ഉയർത്തിയില്ല. നിലവിൽ സംസ്ഥാനത്ത് 89.5 ലക്ഷം കാർഡുടമകളുണ്ട്. ഇതിൽ 38 ലക്ഷം കാർഡുടമകൾക്കുമാത്രമാണ് (1.54 കോടി ആളുകൾ) റേഷൻ സബ്സിഡി കേന്ദ്രം നൽകുന്നത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് ഭക്ഷധാന്യവിഹിതം കൂട്ടണമെന്ന് സംസ്ഥാനം നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. ഇതിനിടെയാണു രാജ്യമൊട്ടാകെ റേഷൻസബ്സിഡി പരിമിതപ്പെടുത്താനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്. കേരളത്തിന് ആദ്യകാലങ്ങളിൽ 16.25 ലക്ഷം ടൺ ഭക്ഷ്യധാന്യം പ്രതിവർഷം ലഭിച്ചിരുന്നു. ഇത് ഏറെക്കാലമായി 14.25 ലക്ഷം ടണ്ണാണ്. ഒരു വർഷത്തിനിടെമാത്രം രണ്ടുലക്ഷത്തോളം കാർഡുടമകൾ കൂടിയിട്ടും വിഹിതമുയർത്തിയിരുന്നില്ല.

സബ്സിഡിയിൽ ആശങ്കയുണ്ട്

നേരത്തേമുതൽ റേഷൻ സബ്സിഡി മറ്റുസംസ്ഥാനങ്ങളേക്കാൾ കുറച്ചാണു കേരളത്തിനു നൽകുന്നത്. സബ്സിഡി ഇനിയും കുറയ്ക്കുമോയെന്ന്‌ ആശങ്കയുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽനിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല- പി. തിലോത്തമൻ, ഭക്ഷ്യമന്ത്രി.