മംഗളൂരു: തലപ്പാടിയിൽ കർണാടക നിയന്ത്രണങ്ങൾ കടുപ്പിച്ചതിനു പിന്നാലെ മംഗളൂരു സിറ്റി കോർപ്പറേഷൻ പുതിയ കോവിഡ് മാർഗനിർദേശങ്ങളുമായി രംഗത്തെത്തി. മംഗളൂരുവിലെ കോളേജുകളിൽ പഠിക്കുന്ന കേരളത്തിലെയും മഹാരാഷ്ട്രയിലെയും വിദ്യാർഥികൾ ആഴ്ചയിലൊരിക്കൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണമെന്ന് കോർപ്പറേഷൻ കമ്മിഷണർ അക്ഷയ് ശ്രീധർ ഉത്തരവിട്ടു. കോവിഡ് മൂന്നാംതരംഗ ഭീതി നിലനിൽക്കുന്നതിനാലാണ് ഈ തീരുമാനമെന്നാണ് വിശദീകരണം.

കേരളത്തിലെയും മഹാരാഷ്ട്രയിലെയും വിദ്യാർഥികൾക്ക് മാത്രമാണോ കോവിഡ് മൂന്നാംതരംഗം ബാധിക്കുക എന്ന ചോദ്യത്തിന് ഇരു സംസ്ഥാനങ്ങളിലുമാണ് നിലവിൽ കോവിഡ് വ്യാപനനിരക്ക് കൂടുതൽ എന്നാണ് വിശദീകരണം. വിവിധ കോളേജ് അധികൃതരെ വിളിച്ചുചേർത്ത്‌ നടത്തിയ യോഗത്തിലാണ് പുതിയ നിർദേശങ്ങൾ കമ്മിഷണർ അവതരിപ്പിച്ചത്.

കോളേജുകളിലെ കാലാസാംസ്കാരിക പരിപാടികൾ രണ്ടുമാസം കഴിഞ്ഞുമാത്രമേ നടത്താവൂ. സെമിനാറുകളും ശില്പശാലകളും ഓൺലൈനായി നടത്തണം. എല്ലാ വിദ്യാർഥികളും വാക്സിൻ രണ്ട് ഡോസും എടുത്തോ എന്ന് മാനേജ്‌മെന്റ് പരിശോധിക്കണമെന്നും നിർദേശങ്ങളിലുണ്ട്. ഒരു പ്രദേശത്ത് 10 പേർ വാക്സിൻ എടുക്കാനുണ്ടെങ്കിൽ ആരോഗ്യവകുപ്പ്‌ അധികൃതരെ അറിയിച്ചാൽ അങ്ങോട്ട് പ്രത്യേക വണ്ടി വിട്ട് അവർക്ക് വാക്സിൻ ലഭ്യമാക്കുമെന്നും ഉറപ്പ്‌ നൽകിയിട്ടുണ്ട്. ജില്ലാ ആരോഗ്യ ഓഫീസർ ഡോ. കിഷോർ കുമാർ, കോർപ്പറേഷൻ ആരോഗ്യ ഓഫീസർ ഡോ. അശോക്, കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മിഷണർ അജിത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.