രാമങ്കരി: രാമങ്കരിയിൽ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാകുന്നതിനുമുൻപ് സി.പി.എം. കുട്ടനാട് ഏരിയ സമ്മേളനത്തീയതി തീരുമാനിച്ചു. ഡിസംബർ 16,17 തീയതികളിൽ നടക്കുന്ന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സമ്മേളനങ്ങൾ നടത്തിയാൽ വലിയ സംഘർഷമുണ്ടാകുമെന്ന് പാർട്ടി സംസ്ഥാനസമിതിക്ക് ജില്ലാ ഘടകം റിപ്പോർട്ടുനൽകിയതായി വിവരമുണ്ട്.

ഇതിനിടെ തമ്മിലടിയിലേക്കുനീങ്ങിയ രാമങ്കരി സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. രാമങ്കരി ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ.ടി. ശരവണനെ ആക്രമിച്ച് കാറിന്റെ ചില്ലുതകർത്തെന്ന പരാതിയിൽ രാമങ്കരി മണലാടി ചിറത്തറ വീട്ടിൽ സി.പി. പ്രവീണിനെ (34) ആദ്യം അറസ്റ്റുചെയ്തിരുന്നു.

കഴിഞ്ഞദിവസം രാമങ്കരി കുറ്റിക്കാട്ടുചിറയിൽ പിന്റോ വർഗീസ് (23), തുഷാരഭവനിൽ സന്ദീപ് (34) എന്നിവരും അറസ്റ്റിലായി. തന്നെ മർദിച്ചെന്ന പ്രവീണിന്റെ പരാതിയിൽ ശരവണനെയും ഡി.വൈ.എഫ്.ഐ. രാമങ്കരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് രാമചന്ദ്രൻ (28), ജിത്തു (37) എന്നിവരും അറസ്റ്റിലായി. ഇവരെയെല്ലാം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

17 ബ്രാഞ്ചുകളുള്ള രാമങ്കരി ലോക്കലിൽ ഏഴു സമ്മേളനങ്ങൾ മാത്രമാണ് പൂർത്തിയായിരിക്കുന്നത്. കടുത്ത വിഭാഗീയതകാരണം ലോക്കൽ സമ്മേളനവും നടന്നിട്ടില്ല.

ഇക്കുറി സംസ്ഥാനസമിതിയുടെ തീരുമാനമനുസരിച്ചാകും ലോക്കൽ, ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുക. മിക്കവാറും സംസ്ഥാന സമ്മേളനത്തിനുശേഷമേയുണ്ടാകൂ. ഒക്‌ടോബർ മൂന്നിന് ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി തർക്കവും സംഘർഷവുമുണ്ടായിരുന്നു. മാമ്പുഴക്കരി സെൻട്രൽ ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്തംഗവുമായ സജീവ് ഉതുംതറയ്ക്കും പാർട്ടിയംഗം സി.പി. പ്രവീണിനും മർദനമേറ്റിരുന്നു. ഇതിന്റെ പകരംവീട്ടലായിരുന്നു ശരവണനുനേരെ നടന്ന ആക്രണമെന്നാക്ഷേപമുണ്ട്.