കൊച്ചി: മാനസയെ വെടിവെച്ചുകൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ തോക്കിന്റെ ഉറവിടംതേടി പത്തംഗ പോലീസ് സംഘം ബിഹാറിലേക്ക് പോകും. ബിഹാർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

രാഖിലിന്റെ ഫോൺരേഖകളിൽനിന്നും സുഹൃത്തുക്കളുടെ മൊഴികളിൽനിന്നും ഇയാൾ ബിഹാറിൽ യാത്രനടത്തിയതായി വ്യക്തമായിട്ടുണ്ട്. ജൂലായ് 12 മുതൽ എട്ടുദിവസമാണ് കേരളത്തിനുപുറത്ത് തങ്ങിയത്. തോക്കുവാങ്ങാൻ പോയതാണെന്നാണ് വിലയിരുത്തൽ. പരിചയമില്ലാത്തവർക്ക് ബിഹാറിൽപ്പോയി നേരിട്ട് തോക്കുവാങ്ങാനാകില്ല. ഈ മേഖലയിൽ ബന്ധമുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന് പോലീസ് കണക്കുകൂട്ടുന്നു. രാഖിലിന് തോക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം ലഭിച്ച‌ുവെന്നും അന്വേഷണസംഘം ഉറപ്പിച്ചിട്ടുണ്ട്. ഇത് എവിടെനിന്നാണെന്നതും കണ്ടെത്തേണ്ടതുണ്ട്.

പ്രത്യേക പരിശീലനം ലഭിച്ചവരെയാണ് ബിഹാറിലേക്ക്‌ പോകാനായി എറണാകുളം റൂറൽ എസ്.പി. കെ. കാർത്തിക് തിരഞ്ഞെടുത്തിരിക്കുന്നത്.

കോതമംഗലത്തുനിന്ന് കണ്ണൂരിലേക്കുപോയ പോലീസ് സംഘം പ്രാഥമികാന്വേഷണത്തിനുശേഷം തിരികെയെത്തി. രാഖിൽ ഒന്നിലധികം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്്.