കോട്ടയം: വാഹനയാത്രക്കാർക്ക് പേടിസ്വപ്നമായ ‘കറുത്ത ഇടം’ (ബ്ലാക്ക് സ്പോട്ട്) രാജ്യത്തെ ദേശീയപാതകളിൽ 5803 എണ്ണം. നിരന്തരം അപകടം നടക്കുന്ന പ്രദേശങ്ങളെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ പട്ടികയിലുൾപ്പെടുത്തി നിർണയിച്ചത്. കേരളത്തിലെ ദേശീയപാതകളിൽ ബ്ലാക്ക് സ്പോട്ട്‌ 243 എണ്ണമുണ്ട്.

മൂന്നുവർഷത്തിനുള്ളിൽ 500 മീറ്റർ ദൂരപരിധിയിൽ അഞ്ച് വലിയ വാഹനാപകടമോ പത്ത് മരണമോ നടന്നിട്ടുള്ള പ്രദേശങ്ങളാണ് ബ്ലാക്ക് സ്പോട്ടായി നിർണയിച്ചത്. 5,167 ബ്ലാക്ക് സ്പോട്ടുകളിൽ അപകടം കുറയ്ക്കാൻ താത്‌കാലിക ക്രമീകരണങ്ങൾ അതത് സംസ്ഥാനത്തെ ദേശീയപാതാ വിഭാഗം ഏർപ്പെടുത്തി. നിലവിലുള്ള ബ്ലാക്ക് സ്പോട്ടുകൾ ഒഴികെയുള്ള 2,923 ഇടത്തെ പ്രശ്നങ്ങൾ റോഡുകളിൽ വ്യതിയാനംവരുത്തിയും മറ്റ് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയും പൂർണമായും അപകടങ്ങളൊഴിവാക്കി.

ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കാൻ

റോഡ് അടയാളങ്ങളിലെ കൃത്യത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സോളാർ ബ്ലിങ്കറുകൾ, ആവശ്യമുള്ളിടത്ത് ഫ്ലൈഓവർ, ഭൂഗർഭപാത, അനുബന്ധറോഡ് എന്നിവ പരീക്ഷിക്കാം. അതത് സംസ്ഥാനത്തെ സാങ്കേതികവിഭാഗത്തിന്റെ ശുപാർശയനുസരിച്ചുമാത്രമേ ഇത്തരം നടപടികളുണ്ടാവൂ.

എ.ഐ.എസ്. 125 ആംബുലൻസുകളുടെ സേവനത്തിന് കരാർ

ടോൾ പ്ലാസകൾക്കുസമീപം അടിയന്തരാവശ്യങ്ങൾക്കായി ആംബുലൻസ് നിലവിൽ ചില സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തി. തൊട്ടടുത്ത പ്രദേശത്ത് അപകടങ്ങളുണ്ടായാൽ ജീവഹാനിയുണ്ടാകാതെ ഉടൻ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ ഉപയോഗിക്കുകയാണ് ലക്ഷ്യം. ഇതുകൂടാതെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ദേശീയപാതകളിലുടനീളം സേവനത്തിനായി എ.ഐ.എസ്. 125 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കാൻ കരാറൊപ്പിട്ടു.

ബ്ലാക്ക് സ്പോട്ടുകൾ കൂടുതലുള്ള സംസ്ഥാനങ്ങൾ

തമിഴ്‌നാട്-748, പശ്ചിമബംഗാൾ-701, കർണാടക-551, തെലങ്കാന-485, ആന്ധ്രാപ്രദേശ്-466, മധ്യപ്രദേശ്-303, രാജസ്ഥാൻ-349, പഞ്ചാബ്-296, കേരളം-243.

രാജ്യത്താകെ ദേശീയപാതകളിലെ ബ്ലാക്ക് സ്പോട്ട് അപകടങ്ങൾ

2018-1,40,843. 2019-1,37,191. 2020-1,16,496.

കേരളത്തിൽ ദേശീയപാതകളിലെ ബ്ലാക്ക് സ്പോട്ട്‌ അപകടങ്ങൾ

2018-9,161. 2019-9,459. 2020-6,594.

2020-ൽ അപകടങ്ങളുടെ എണ്ണം കുറഞ്ഞത് കോവിഡ് ലോക്‌ഡൗൺമൂലം മാസങ്ങളോളം ഗതാഗതം നിയന്ത്രിക്കപ്പെട്ടതിനാലാണ്. കേരളത്തിൽ 2020 ഒഴികെ കഴിഞ്ഞ നാലുവർഷം ശരാശരി 4,200 അപകടമരണമാണ് ഹൈവേയിൽ നടന്നത്.