തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയ്ക്കു കൂട്ടിരുന്ന, മാനസികവെല്ലുവിളി നേരിടുന്ന മുപ്പത്തിനാലുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ.

മംഗലപുരം ഇടവിളാകം ലക്ഷംവീട് കോളനിയിൽ കണ്ണൻ എന്നു വിളിക്കുന്ന സന്ദീപി(25)നെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തത്‌. സ്വകാര്യ ആംബുലൻസ് ഡ്രൈവറായ സന്ദീപിനെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ ആംബുലൻസ് കമ്പനി ജോലിയിൽനിന്നു പുറത്താക്കിയിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പരിസരത്ത് ഇയാൾ ഇടയ്ക്കിടെ എത്തുമായിരുന്നു. ഇതിനിടയിലാണ് ഇയാൾ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

ടാക്സി, ഓട്ടോ ഡ്രൈവർമാർ, കൂട്ടിരിപ്പുകാർ തുടങ്ങിയ നിരവധിയാളുകളെ ചോദ്യംചെയ്തതിൽനിന്നാണ് പ്രതിയെ സംബന്ധിച്ച സൂചന ലഭിച്ചത്. ഫോട്ടോ കണ്ട് പ്രതിയെ യുവതി തിരിച്ചറിഞ്ഞതോടെ അറസ്റ്റുചെയ്യുകയായിരുന്നു.

കഴിഞ്ഞ ജൂലായ് 30-നായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അമ്മയ്ക്കു കൂട്ടിരിക്കാനായി എത്തിയതായിരുന്നു ഭിന്നശേഷിക്കാരിയായ യുവതി. ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ യുവതിയെ പ്രതി കാറിൽ കയറ്റിക്കൊണ്ടുപോയി മെഡിക്കൽ കോളേജ് ഗ്രൗണ്ടിനു സമീപമുള്ള കുറ്റിക്കാട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഏതാനും മണിക്കൂറുകൾ കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ, യുവതിയുടെ വസ്ത്രം കീറിയ നിലയിലും ദേഹമാസകലം ചെളിപറ്റിയ നിലയിലുമായിരുന്നു. സംശയം തോന്നിയ ജീവനക്കാർ ചോദിച്ചപ്പോഴാണ് പീഡനത്തിനിരയായ വിവരം യുവതി വെളിപ്പെടുത്തിയത്. തുടർന്ന് ജീവനക്കാർ മെഡിക്കൽ കോളേജ് പോലീസിൽ വിവരമറിയിച്ചു. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചതിനു പിന്നാലെ കേെസടുക്കുകയായിരുന്നു. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ. ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.