കേളകം (കണ്ണൂർ): സംസ്ഥാനത്ത് ആദിവാസിവിഭാഗങ്ങളിലെ ഭവനരഹിതർ ഒന്നരലക്ഷത്തിലധികം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലായി 1,52,068 പേർക്കാണ് സ്വന്തമായി വീടില്ലാത്തത്. ഇതിൽ ഭൂമിയും വീടുമില്ലാത്തവരായി 84,238 പേരുണ്ട്. സ്വന്തമായി ഭൂമിയുണ്ടെങ്കിലും വീടില്ലാത്തത് 67,830 പേർക്കുമാണ്.

ആദിവാസികളിൽ തന്നെ പട്ടികജാതി വിഭാഗത്തിലാണ് ഭവനരഹിതർ ഏറെയുള്ളത്. 1.3 ലക്ഷത്തിലേറെയാണ് പട്ടികജാതി ഭവനരഹിതർ. ഇതിൽതന്നെ ഭൂമിയും വീടും ഇല്ലാത്തവർ മുക്കാൽലക്ഷത്തിലേറെയാണ്. കൃത്യമായി പറഞ്ഞാൽ 76,308 പേർ. ഭൂമിയുണ്ടായിട്ടും വീടില്ലാത്തവരായി അരലക്ഷത്തിലേറെ (57,047) പേരുമുണ്ട്.

പട്ടികവർഗ വിഭാഗത്തിൽ ഭവനരഹിതർ താരതമ്യേന കുറവാണ്. 18,713 പേരാണ് വീടില്ലാത്തതായുള്ളത്. ഇതിൽ ഭൂമിയില്ലാത്ത ഭവനരഹിതരരുടെ എണ്ണം 7930 വരും. ഭൂമിയുണ്ടായിട്ടും വീടില്ലാത്തവരാണ് കൂടുതൽ (10,783 പേർ).

കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ പട്ടികജാതി വികസന വകുപ്പിന്റെ ഭവനനിർമാണപദ്ധതി പ്രകാരം 39,405 വീടുകൾ അനുവദിച്ചിരുന്നു. ഇതിൽ 30,069 വീടുകൾ പൂർത്തിയാക്കിയെങ്കിലും 9336 വീടുകൾ ഇനിയും അവശേഷിക്കുന്നു. 2007 മുതൽ 2016 വരെ അനുവദിച്ചതിൽ 6140 വീടുകളുടെ നിർമാണം ഇനിയും പൂർത്തിയാകാനുമുണ്ട്. ഇക്കാലയളവിൽ നിർമാണം പൂർത്തിയാക്കാതെ അവശേഷിച്ച 16,360 വീടുകളിൽ 10,220 എണ്ണം കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പൂർത്തീകരിച്ചത്. എന്നാൽ 6140 എണ്ണം ഇനിയും ബാക്കിയാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ പട്ടികവർഗ വികസന വകുപ്പിന്റെ പദ്ധതികൾ മുഖേന 14,126 വീടുകൾ അനുവദിച്ചിരുന്നു. അതിൽ 4387 വീടുകൾ പൂർത്തീകരിച്ചെങ്കിലും 9739 വീടുകളുടെ നിർമാണം ഇനിയും ബാക്കിയാണ്. 2016 മാർച്ച് വരെ അനുവദിച്ചതിൽ പൂർത്തീകരിക്കാത്ത 12,022 വീടുകളിൽ 11,306 എണ്ണം ലൈഫ്‌ മിഷൻ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചു. ഇതിലും 716 വീടുകളുടെ നിർമാണം ഇനിയും ബാക്കിയാണ്.

പൂർത്തീകരിക്കാത്ത വീടുകൾ ഇങ്ങനെ

പട്ടികജാതി(പദ്ധതി, വർഷം - അനുവദിച്ച വീടുകളുടെ എണ്ണം - പൂർത്തീകരിക്കാത്തവ എന്ന ക്രമത്തിൽ)

ഭവന നിർമാണ ധനസഹായ പദ്ധതി - 2016-17 - 14,906 - 2475

ഭവന നിർമാണ ധനസഹായ പദ്ധതി - 2017-18 - 8895- 1275

പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണം - 2018-19 - 170 - 44

ലൈഫ് മിഷൻ (രണ്ടാം ഘട്ടം) - 2018-19 - 11,992- 3164

ലൈഫ് മിഷൻ (മൂന്നാം ഘട്ടം) - 2020-21 - 3442 - 2378

പട്ടികവർഗം (പദ്ധതി - അനുവദിച്ച വീടുകളുടെ എണ്ണം - പൂർത്തീകരിക്കാത്തവ എന്ന ക്രമത്തിൽ)

ജനറൽ ഹൗസിങ്, ഹഡ്‌കോ വനബന്ധു കല്യാൺ യോജന - 6709- 5126

ആദിവാസി പുനരധിവാസ മിഷൻ - 1659- 1281

ലൈഫ് മിഷൻ (രണ്ടാം ഘട്ടം) - 5758- 3332