തിരുവല്ല: അപകടത്തിൽ പരിക്കേറ്റ യുവാവ് ചോരവാർന്ന് മരിച്ചു. സ്ഥലത്തുണ്ടായിരുന്നവർ കാഴ്ചക്കാരായി നിന്നതിനെത്തുടർന്നാണ് സംഭവം.

തലവടിസൗത്ത് എക്കപ്പുറത്ത് തുണ്ടിയിൽപറമ്പിൽ മാത്യു ഏബ്രഹാമിന്റെ മകൻ ജിബു ഏബ്രഹാം(23) ആണ് മരിച്ചത്. തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിൽ കടപ്ര പുളിക്കീഴിൽ ശനിയാഴ്ച രാവിലെ 10.15-നായിരുന്നു അപകടം. ജിബുവും സുഹൃത്ത് തലവടി സ്വദേശി ജെഫിനും സഞ്ചരിച്ച ബൈക്ക് നിരണം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.ബിംബിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടം കണ്ടുനിന്നവരും അതുവഴിവന്നവരുമായി 15 പേർ ഉണ്ടായിരുന്നെങ്കിലും രക്ഷാപ്രവർത്തനത്തിന് ആരും തയ്യാറായില്ല. ഡോ. ബിംബിയും മറ്റൊരു വാഹനത്തിൽവന്ന സ്ത്രീയും കൂടി, വീണുകിടന്ന യുവാവിന്റെ സമീപത്തേക്ക് എത്തിയെങ്കിലും ഇവർക്കുതന്നെ എടുത്ത് മാറ്റാനായില്ല. ’ആരെങ്കിലും ഒന്നു സഹായിക്കാമോയെന്ന്് ഇരുവരും കേണപേക്ഷിച്ചിട്ടും ആരും തയ്യാറായില്ല. 20 മിനിറ്റോളം തലയിൽനിന്ന് ചോര ഒഴുകുന്ന നിലയിൽ ജിബു അവിടെത്തന്നെ കിടന്നു.

ഒടുവിൽ, അതുവഴി എത്തിയ പെരിങ്ങര സ്വദേശി പി.വി. സതീഷ് കുമാറും തിരുമൂലപുരം സ്വദേശി മുരളീദാസും ഇവരെ സഹായിച്ചു. ഇവർ ജിബുവിനെ റോഡിൽ നിന്നെടുത്ത് മാറ്റി. ഇതിനിടയിൽ പോലീസെത്തി അതുവഴിവന്ന മറ്റൊരു വാഹനത്തിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജെഫിനെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശത്ത് ജോലിയിലായിരുന്ന ജിബു തിരികെപ്പോകാനിരിക്കുകയായിരുന്നു. യുവാവിനെ രക്ഷിക്കാൻ ഡോക്ടർ അപേക്ഷിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.