കൊച്ചി: കോവിഡ് സംശയിക്കുന്ന രോഗികളെ വിവിധയിടങ്ങളിലേക്ക് എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാരോട് അനീതി. കോവിഡ് ചികിത്സാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും കേന്ദ്രസർക്കാർ 50 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചപ്പോൾ ഇവരെ തഴഞ്ഞു.
ആശ വർക്കർമാർ, ശുചീകരണത്തൊഴിലാളികൾ, വാർഡ് ബോയ്‌സ്, പാരാ മെഡിക്കൽ ജീവനക്കാർ, ടെക്‌നീഷ്യൻമാർ, നഴ്‌സുമാർ, ഡോക്ടർമാർ എന്നിവരെയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രീമിയം അടയ്ക്കേണ്ടതില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ ആശുപത്രികളിലും കോവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കാണ് അവസരം. പാചകവാതകം വിതരണം ചെയ്യുന്നവർക്ക് അഞ്ചു ലക്ഷത്തിന്റെ പരിരക്ഷ എണ്ണക്കമ്പനികൾ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് രംഗത്ത് പ്രവർത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് മാത്രമെങ്കിലും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. വിമാനത്താവളങ്ങളിൽനിന്ന് ആശുപത്രികളിലേക്ക് രോഗബാധ സംശയിക്കുന്നവരെ എത്തിച്ചിരുന്നത് ‘108 ആംബുലൻസ്’ ഡ്രൈവർമാരായിരുന്നു. കൊണ്ടുവന്നവരിൽ പലർക്കും പിന്നീട് രോഗം സ്ഥിരീകരിച്ചു. ഇതോടെ ബന്ധപ്പെട്ട ഡ്രൈവർമാരോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടു.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് ആംബുലൻസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തെലങ്കാന കമ്പനിയായ ജി.വി.കെ. എമർജൻസി മാനേജ്‌മെന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് നടത്തിപ്പുകാർ.
ഡ്യൂട്ടി ദിവസം കുറഞ്ഞാൽ ശമ്പളം കുറയും
മാസം 16,250 രൂപയാണ് ഇവരുടെ ശമ്പളം. 26 ദിവസമെങ്കിലും ജോലി ചെയ്യണം. ദിവസം കുറഞ്ഞാൽ ആനുപാതികമായി ശമ്പളം കുറയും. ഇ.എസ്.ഐ., പി.എഫ്. എന്നിവ കിഴിച്ചാണ് കിട്ടുക. ഇതുതന്നെ കൃത്യമായി കിട്ടാതെ വന്നപ്പോഴാണ് സർക്കാർ ഇടപെട്ടതും കഴിഞ്ഞ 26-ന് ശമ്പളം നൽകിയതും. അഞ്ചാം തീയതി കിട്ടേണ്ടതായിരുന്നു.
കോവിഡ് കാലത്ത് ദീർഘദൂര ഓട്ടം പോകുമ്പോൾ ഭക്ഷണം നൽകുന്നത് ഡ്രൈവർമാരുടെ സംഘടനയാണ്. വിവരം ഗ്രൂപ്പിൽ അറിയിക്കുമ്പോൾ നിശ്ചിത സ്ഥലത്തുവെച്ച് ഇത് കൈമാറും. 72 മണിക്കൂറൊക്കെ തുടർച്ചയായി ജോലി ചെയ്ത് മൂന്നു ദിവസത്തെ ഓഫ് എടുത്താണ് ഇവരിൽ പലരും ദൂരെയുള്ള വീടുകളിലേക്ക് പോകുന്നത്.
എറണാകുളം ജില്ലയിൽ 17 ആംബുലൻസുകൾ കോവിഡ് ഓട്ടത്തിന് മാത്രമായി നീക്കിവെച്ചിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർമാർ ഉറങ്ങിയോ ഭക്ഷണം കഴിച്ചോ തുടങ്ങിയ കാര്യങ്ങളൊന്നും ആരും തിരക്കാറില്ലെന്ന് ആലപ്പുഴ സ്വദേശിയായ ഒരാൾ പറഞ്ഞു. ക്വാറന്റൈനിൽ പോകുന്ന കാലത്ത് ശമ്പളം കിട്ടുമോയെന്ന ആശങ്കയും ഇവർക്കുണ്ട്. സംസ്ഥാനത്ത് ആകെ മുന്നൂറിലധികം 108 ആംബുലൻസുകളുണ്ട്.