കൊച്ചി: കൊറോണയ്ക്കെതിരേ കേരളത്തിലെ പ്രധാന നഗരങ്ങൾ പോരാടുന്നത് ഹെൽത്ത് ഓഫീസർമാരില്ലാത. ആരോഗ്യ സംബന്ധമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടത് ഡോക്ടറായ ഹെൽത്ത് ഓഫീസർമാരാണ്. എന്നാൽ, ഈ പ്രധാന തസ്തികയിലേക്ക് നിയമനം നടന്നിട്ട് വർഷങ്ങളായി. എല്ലായിടത്തും മുതിർന്ന ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ചുമതല നൽകിയിരിക്കുകയാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസർതന്നെ നഗരങ്ങളിലെ ഹെൽത്ത് ഓഫീസറുടെ ജോലിയും ചെയ്യേണ്ട അവസ്ഥയാണ്.
സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ രണ്ടിടത്ത് മാത്രമാണ് ഓരോ ഹെൽത്ത് ഓഫീസർ ഉള്ളത്. പ്രധാന നഗരങ്ങളിൽ രണ്ട് ഹെൽത്ത് ഓഫീസർ തസ്തികയുണ്ട്. കൊച്ചി നഗരത്തിൽ രണ്ട് ഹെൽത്ത് ഓഫീസർമാരുടെ ഒഴിവുണ്ടെങ്കിലും ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ചുമതല നൽകിയിരിക്കുകയാണ്. ഒമ്പതു വർഷമായി ഇവിടെ ഹെൽത്ത് ഓഫീസർക്കസേര ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്ത് 12 ഫസ്റ്റ് ഗ്രേഡ് മുനിസിപ്പാലിറ്റികളിലും ഹെൽത്ത് ഓഫീസറെ നിയമിച്ചിട്ടില്ല. സംസ്ഥാനത്ത് 21 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.
പ്രധാന നഗരങ്ങളിൽ ഹെൽത്ത് ഓഫീസറെ നിയമിക്കുമെന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉറപ്പു നൽകിയിരുന്നതാണ്. മുനിസിപ്പൽ സർവീസിൽ ശമ്പളം കുറവായതിനാൽ ഡോക്ടർമാരെ കിട്ടില്ലെന്ന കാരണം പറഞ്ഞാണ് നിയമനം വൈകിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ചെറുപ്പക്കാരായ ഡോക്ടർമാർ കുറഞ്ഞ വേതനത്തിൽ സ്വകാര്യ ആസ്പത്രികളിൽ ജോലിചെയ്തുവരുന്നുണ്ട്. അവരിൽനിന്ന് പി.എസ്.സി. വഴി എളുപ്പത്തിൽ നിയമനം നടത്താൻ കഴിയും. ആരോഗ്യവകുപ്പിൽ നിന്ന് അന്യത്ര സേവനം വഴി ഹെൽത്ത് ഓഫീസർമാരെ നിയമിക്കുമെന്നും സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ അതും പാലിക്കപ്പെട്ടില്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ എം.ബി.ബി.എസും കമ്യൂണിറ്റി മെഡിസിനിൽ എം.ഡി.യും ഉള്ളവരെ വേണം പ്രധാന നഗരങ്ങളിൽ ഹെൽത്ത് ഓഫീസറായി നിയമിക്കാൻ. നഗരത്തിലെ ആരോഗ്യ സംബന്ധമായ ഒട്ടേറെ പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ തീരുമാനങ്ങൾ എടുക്കുന്നതിന് ഇവരുടെ സേവനം അനിവാര്യമാണ്. ഇപ്പോൾ നഗരങ്ങളിൽ ഹെൽത്ത് ഓഫീസർ തസ്തികയെ ക്ലറിക്കൽ ജോലി മാത്രമായാണ് കാണുന്നത്. ആരോഗ്യപൂർണമായ ജിവിതം നഗരവാസികൾക്ക് ഉറപ്പാക്കാൻ ഹെൽത്ത് ഓഫീസർമാരും അവർക്കുകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന സുസജ്ജമായ സംഘം വേണമെന്നാണ് കൊറോണക്കാലം നൽകുന്ന പാഠം.