ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ പനി ക്ലിനിക്കൽ ഡോ. ശ്രീലക്ഷ്മി ബുധനാഴ്ചയും പതിവുപോലെ രോഗികളെ പരിശോധിച്ചു. ആലപ്പുഴ കടപ്പുറത്തുള്ള വനിതാ-ശിശു ആശുപത്രിയിലെ അറ്റൻഡർ സഫീർ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വെള്ളംകുടി മുട്ടാതിരിക്കാൻ ആർ.ഒ. പ്ലാന്റിലുമുണ്ടായിരുന്നു.
എൻ.എച്ച്.എം. ജീവനക്കാരായ ഇവർക്ക് ബുധനാഴ്ച ജോലിയിൽനിന്ന് വിട്ടുനിൽക്കാമായിരുന്നു. കാരണം, അന്നേദിവസം അവർ സർവീസിൽ ഇല്ല. മാർച്ച് 31ന് ദേശീയ ആരോഗ്യ ദൗത്യ (എൻ.എച്ച്.എം.)ത്തിലെ എല്ലാ ജീവനക്കാരുടെയും കരാർ അവസാനിച്ചു. ഏപ്രിൽ ഒന്നിന് ഇടവേള നൽകി ഏപ്രിൽ രണ്ടിന് ജോലിക്ക് കയറുന്ന രീതിയിലായിരുന്നു ഇവരുടെ കരാർ. പക്ഷേ, കൊറോണ പ്രതിരോധത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവരെല്ലാം ജോലിക്ക് കയറുകയായിരുന്നു.
എൻ.എച്ച്.എം.ലെ 7,500 പേരും ഇതേ തീരുമാനമെടുത്തു. പ്രതിഫലം ആഗ്രഹിക്കാതെ അവർ ജോലിചെയ്തു. ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുമാർ, ലാബ് ടെക്‌നീഷ്യൻമാർ, ഓഫീസ് ജീവനക്കാർ, പി.ആർ.ഒ.മാർ, കൗൺസിലർമാർ തുടങ്ങി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ എൻ.എച്ച്.എം. ജീവനക്കാരും ബുധനാഴ്ച ജോലിയിലുണ്ടായിരുന്നു. ഐസൊലേഷൻ വാർഡുകൾ, കൺട്രോൾ റൂമുകൾ എന്നിവിടങ്ങളിലെല്ലാം എൻ.എച്ച്.എം. ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇത്രയധികംപേർ ഒന്നിച്ച് മാറിനിന്നാൽ പ്രതിരോധ പ്രവർത്തനത്തിനു തന്നെ തടസ്സമുണ്ടാകുമായിരുന്നു. അങ്ങനെയുണ്ടാവാതിരിക്കാൻ ഒറ്റമനസ്സായി അവർ വന്നു, അവധി ദിനത്തിലും.
ജോലിക്കെത്തിയവർക്ക് ഓണറേറിയം
കരാർ കാലാവധി അവസാനിച്ചിട്ടും ജോലിക്കെത്തിയ എൻ.എച്ച്.എം. ജീവനക്കാർക്ക് ഓണറേറിയം നൽകാൻ സർക്കാർ തീരുമാനിച്ചു. എൻ.എച്ച്.എം. ജീവനക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് ഓണറേറിയം പ്രഖ്യാപിച്ചത്. ഒരുദിവസത്തെ ശമ്പളത്തിന് തുല്യമായ തുക തന്നെ ഓണറേറിയമായി നൽകും.