പൊന്നാനി: ബിരുദാനന്തര ബിരുദവും സ്വയംതൊഴിലുമുള്ള യുവതി വരനെ തേടുന്നതായുള്ള ഒരു വൈവാഹിക പരസ്യം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. യുവതിയുടെ സവിശേഷതകൾ വിവരിച്ച കൂട്ടത്തിൽ ഒരുകാര്യംകൂടിയുണ്ടായിരുന്നു പരസ്യവാചകത്തിൽ. ഇതാണ് പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാകാൻ കാരണമായത്.

കോവിഷീൽഡ് രണ്ട് വാക്‌സിൻ എടുത്തയാളാണ് യുവതിയെന്നും വരനും അത്തരത്തിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണമെന്നുമായിരുന്നു അത്.

വിവാഹം കഴിക്കാൻ വാക്‌സിനേഷൻ മാനദണ്ഡമാക്കിയതിനെ പ്രകീർത്തിച്ച് ഒരുപാടുപേർ രംഗത്തെത്തി. കൗതുകമുണർത്തുന്ന വൈവാഹിക പരസ്യം പലരും പങ്കുവച്ചു. പരസ്യംശ്രദ്ധയിൽപ്പെട്ട ശശി തരൂർ എം.പി.യും ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു; ‘ഇഷ്ടപ്പെട്ട വിവാഹസമ്മാനത്തിന് ബൂസ്റ്റർ ഷോട്ടാ’യിരിക്കുമെന്നതിൽ സംശയമില്ല...’

വൈവാഹിക പരസ്യം ആളുകൾ ഏറ്റെടുത്തെങ്കിലും വാക്‌സിനെടുത്ത യുവതിയെ കണ്ടെത്താനായിരുന്നില്ല യഥാർഥ്യത്തിൽ ആ പരസ്യം! ആ പരസ്യത്തിന്റെ രഹസ്യം ഇതാണ്..

കോവിഡിനെതിരേയുള്ള വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഗോവ സ്വദേശിയുടെ ബുദ്ധിയിൽ ഉദിച്ച ആശയമായിരുന്നു പ്രസ്തുത പരസ്യം. ഗോവ അൽഡോണയിലെ കമ്മ്യൂണിറ്റി ഫാർമസിസ്റ്റായ സാവിയോ ഫിഗ്യുറെഡോ എന്ന 58-കാരനാണ് വൈറലായ ആ പരസ്യത്തിനുപിന്നിൽ.

ഒരു ഇംഗ്ലീഷ് പത്രത്തിലെ മാട്രിമോണിയൽ കോളത്തിലാണ് അദ്ദേഹം പരസ്യം നൽകിയത്. പിന്നീട് ‘മാട്രിമോണിയലുകളുടെ ഭാവി’ എന്ന തലക്കെട്ടിൽ അത് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുംചെയ്തു. കൂടെ വാക്‌സിനേഷൻ കേന്ദ്രത്തിന്റെ നമ്പറും നൽകി. സ്വന്തം മൊബൈൽ നമ്പർ തന്നെയായിരുന്നു അദ്ദേഹം പത്രപ്പരസ്യത്തിൽ നൽകിയത്.

കൊൽക്കത്ത, ഒഡീഷ, മംഗളൂരു എന്നിവിടങ്ങളിൽനിന്നെല്ലാം വിളികളെത്തിയപ്പോഴാണ് തന്റെ പരസ്യത്തിന് ‘ഉദ്ദേശിച്ച ഫലം’ കിട്ടിയതായി അദ്ദേഹത്തിന് ബോധ്യപ്പെട്ടത്.

‘വാക്‌സിൻ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ പരസ്യം സൃഷ്ടിച്ചതും ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതും. അത് യഥാർഥമാണെന്ന് കരുതി പലരും പങ്കുവച്ചു, ഇപ്പോഴത് വൈറലായി’ ഇതുസംബന്ധിച്ച് അദ്ദേഹം നൽകുന്ന പ്രതികരണമിതാണ്.

വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ ഒരാൾക്ക് മറ്റുള്ളവരുടെ ജീവനും രക്ഷിക്കാനാകുമെന്നും ഉറച്ചുവിശ്വസിക്കുന്നു. പരസ്യം ചർച്ചയായതോടെ ഇത് ശരിയായ മാനദണ്ഡമായിരിക്കണമെന്ന അഭിപ്രായവും പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്.