തിരുവനന്തപുരം: മരിച്ച ലീനയുടെ അവയവങ്ങൾ ഇനി മൂന്നു പേർക്ക് പുതുജീവൻ നൽകും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ആശ്രാമം കുളങ്ങര വീട്ടിൽ ആശ്രാമം സജീവിന്റെ ഭാര്യ ലീന (42)യുടെ രണ്ട് വൃക്കകളും കരളുകളുമാണ് സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ ദാനം ചെയ്തത്.

ഈ മാസം മൂന്നിന്‌ കടുത്ത തലവേദനയെ തുടർന്ന് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ലീനയെത്തി. അവിടെ നിന്ന് പിറ്റേദിവസം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലവേദന കുറയാത്തതിനെത്തുടർന്ന് അഞ്ചിന്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സ നടത്തിയെങ്കിലും ഓഗസ്റ്റ് 12-ന് രാവിലെ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു.

തുടർന്ന് മെഡിക്കൽ കോളേജിലെ സർക്കാരിന്റെ അവയവദാന പദ്ധതിയായ കെ.എൻ.ഒ.എസിലെ ഡോക്ടർമാരും കോ-ഓർഡിനേറ്റർമാരും അവയവദാന പദ്ധതിയുടെ പ്രാധാന്യത്തെകുറിച്ച് ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ലീനയുടെ സഹോദരനും ഭർത്താവും അവയവദാന സമ്മതപത്രം ഒപ്പിട്ടു. സെക്രട്ടേറിയറ്റിലെ ഹെൽത്ത് ആൻഡ് ഫാമിലി വകുപ്പിൽ സീനിയർ ഗ്രേഡ് അസിസ്റ്റന്റായ ലീനയുടെ സഹോദരൻ സതീഷ് കുമാറാണ് അവയദാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌ ഇതിനായി ബന്ധുക്കളുടെ അനുവാദം വാങ്ങിയത്. സംസ്ഥാനത്ത് ഈ വർഷം നടക്കുന്ന രണ്ടാമത്തേതും സർക്കാർ മേഖലയിൽ ആദ്യത്തേതുമായ അവയവദാനമാണിത്.

കെ.എൻ.ഒ.എസ്. സംസ്ഥാന ചെയർമാനും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷർമ്മദ്, അനസ്‌ത്യേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊ. ഡോ. അനിൽ സത്യദാസ് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

കേരള സ്റ്റേറ്റ് ബിവറേജസ് എംപ്ലോയീസ് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് ലീനയുടെ ഭർത്താവ് ആശ്രാമം സജീവ്. മക്കൾ: ആദർശ് (ഡിഗ്രി വിദ്യാർഥി), അദ്വൈത് (പ്ലസ് ടു വിദ്യാർഥി). ശവസംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന്‌ കൊല്ലം പോളയത്തോട് ശ്മശാനത്തിൽ