മൂന്നുതവണ കണ്ടെന്ന് ഉമ്മൻചാണ്ടി തെളിവെടുപ്പിൽ സമ്മതിച്ചതായി സോളാർ കമ്മിഷൻ. റിപ്പോർട്ടിലെ
പ്രസക്ത ഭാഗങ്ങൾ...

 • ദുരിതാശ്വാസത്തിന് രണ്ടുലക്ഷം രൂപയുടെ ചെക്ക് നൽകാൻ എത്തിയപ്പോൾ ഒരിക്കലും ഹരിജൻ കോളനികളിൽ സൗരവിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി നിർദേശവുമായി വന്നപ്പോൾ രണ്ടുതവണയുമാണ്‌ ഉമ്മൻചാണ്ടി സരിതയെ കണ്ടത്‌. ഇങ്ങനെയാണെങ്കിൽ ഉമ്മൻചാണ്ടിയെപ്പോലുള്ള ഒരു സാമൂഹികപ്രവർത്തകൻ അദ്ദേഹം കണ്ടിട്ടുള്ള ആയിരങ്ങളിൽ ഒരാളായാണ് അവരെ കണക്കാക്കുന്നതെന്ന് കരുതാനാവുമോ?
 • സരിതയെ പരിചയപ്പെടുത്തിയത് ഉമ്മൻചാണ്ടിയാണെന്ന് ആര്യാടൻ മുഹമ്മദ് പറയുന്നതിന്റെ സി.ഡി.യുണ്ട്. കോടിമതയിൽ നടന്ന കെ.എസ്.ഇ.ബി. എൻജിനീയേഴ്‌സ് അസോസിയേഷന്റെ ഉദ്ഘാടനച്ചടങ്ങിൽ സരിതയെ നോക്കി ആര്യാടൻ ഇത്‌ പറയുന്നതായാണ് സി.ഡി.യിൽ. വിസ്തരിച്ചപ്പോൾ ഉമ്മൻചാണ്ടിയെ ഈ സി.ഡി. കാണിച്ചു. ആര്യാടൻ മുഹമ്മദ് ഇങ്ങനെ പറഞ്ഞത് ഉമ്മൻചാണ്ടിയും സമ്മതിച്ചു.
 • പാല കടപ്ലാമറ്റത്ത് ഒരു ചടങ്ങിൽ സരിത ഉമ്മൻചാണ്ടിയുടെ അടുത്തുനിന്ന് ചെവിയിൽ സംസാരിക്കുന്ന ചിത്രം കണ്ടശേഷവും ഉമ്മൻചാണ്ടി അവരെ അറിയില്ലെന്ന് പറഞ്ഞു.
 • 2012 ഡിസംബർ 27-ന് സരിത ഉമ്മൻചാണ്ടിയെ ഡൽഹിയിൽനിന്ന് ഫോണിൽ ബന്ധപ്പെട്ടിരുന്നതായി  സഹായിയായ തോമസ് കുരുവിള സമ്മതിച്ചിട്ടുണ്ട്.
 • സരിത എസ്. നായരുമായി തന്റെ മൊബൈലിലൂടെ ഉമ്മൻചാണ്ടിയും തിരിച്ച് സരിതയും സംസാരിക്കുമായിരുന്നെന്ന് ഗൺമാൻ സലിംരാജ് മൊഴി നൽകിയിട്ടുണ്ട്.
 • മല്ലേലിൽ ശ്രീധരൻനായരിൽനിന്ന് ശേഖരിച്ച 40 ലക്ഷത്തിൽ 32 ലക്ഷം മുഖ്യമന്ത്രിക്ക് നൽകിയെന്ന പരാമർശം വിശ്വാസയോഗ്യമാണ്.
 • ഉമ്മൻചാണ്ടിയുടെ സ്റ്റാഫ് അംഗം ടെനി ജോപ്പൻ സരിതയിൽനിന്ന് പണവും പാരിതോഷികവും വാങ്ങി

ആര്യാടൻ മുഹമ്മദിനെതിരേ

 • ആര്യാടനെതിരേ സരിതയുടെ ആരോപണങ്ങളിൽ കുറച്ച് കഴമ്പുണ്ട്. 25 ലക്ഷം രൂപ വീട്ടിലും 15 ലക്ഷം രൂപ കോട്ടയത്തെ കോടിമതയിൽ കെ.എസ്.ഇ.ബി. എൻജിനീയേഴ്‌സ് അസോസിയേഷന്റെ ചടങ്ങിനെത്തിയപ്പോഴും ആര്യാടൻ മുഹമ്മദിന് നൽകിയെന്ന് സരിത പറയുന്നു. സംസ്ഥാനത്ത് വലിയ സൗരവൈദ്യുതി പ്ലാന്റുകൾ സ്ഥാപിക്കാൻ ഉതകുന്ന സൗരോർജനയം രൂപവത്കരിക്കണമെന്നാണ് സരിത ആവശ്യപ്പെട്ടത്.  
 • 15 ലക്ഷം രൂപ വാങ്ങിയെന്നുപറയുന്ന  ചടങ്ങിൽ സരിതയുടെ കമ്പനിയെ ആര്യാടൻ പുകഴ്ത്തിയതിന് ആ യോഗത്തിന്റെ ഡി.ഡി. തെളിവായുണ്ട്.
 • ഇതേകാലത്താണ് സംസ്ഥാനത്തിന് സൗരോർജനയം രൂപവത്കരിക്കാൻ ആര്യാടൻ മുഹമ്മദിന്റെ പ്രേരണയാൽ അനർട്ടിന്റെ ഡയറക്ടർ നിർദേശം തയ്യാറാക്കിയത്. ഇത് പരിഗണിക്കാൻ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പ്രാരംഭ നടപടിയെടുത്തു.
 • കോടിമതയിലെ യോഗത്തിൽ സരിതയെ കണ്ടില്ലെന്ന് ആര്യാടന്റെ അഡീഷണൽ പി.എസ്. പറഞ്ഞത് ശുദ്ധകളവ്

കെ.സി. വേണുഗോപാലിനെതിരേ

 • രണ്ടുനമ്പറിൽനിന്നായി സരിതയെ 57 തവണ വിളിച്ചു
 • ടെലിഫോൺ വിളികളുടെ വിശദാംശങ്ങളും സരിതയുടെ കത്തും പരിശോധിക്കുമ്പോൾ സരിതയുമായി എന്തോചില ബന്ധമുണ്ട്.

റിപ്പോർട്ടിലുള്ളത് ജനം
ചർച്ചചെയ്ത് തള്ളിയകാര്യം

റിപ്പോർട്ടിലുള്ളത് ജനം മുമ്പ് ചർച്ചചെയ്ത് തള്ളിയ കാര്യങ്ങളാണ്. സരിത എഴുതിയെന്ന് പറയുന്ന കത്താണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾ പൊതുസമൂഹം തള്ളും. മുൻകാല നിലപാടിൽ ഉറച്ചുനിൽക്കുന്നു. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എം.എൽ.എ. പറഞ്ഞുവിട്ട തട്ടിപ്പിനിരയായവർക്ക് തുക തിരിച്ചുലഭിക്കുന്നതിന് സരിതയുമായി സംസാരിച്ചിട്ടുണ്ട്. കത്തിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ യാഥാർഥ്യമല്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു.
 - ഹൈബി ഈഡൻ, എം.എൽ.എ.

ഏത് കേസിൽ
സഹായിച്ചെന്ന് വ്യക്തമല്ല

ഞാൻ ഏത് കേസിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സഹായിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. എന്നെ കുടുക്കാൻവേണ്ടി മാത്രമുള്ള നിരീക്ഷണമാണിത്. താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതും സോളാർ തട്ടിപ്പുകേസിലെ പ്രതികളായ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും അറസ്റ്റുചെയ്തതും. അന്വേഷണസംഘം കൃത്യമായി പ്രവർത്തിച്ചതിനാലാണ് പ്രതികളെ അറസ്റ്റ് ചെയ്യാനായത്.
- തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ ആഭ്യന്തരമന്ത്രി

കമ്മിഷൻ ശുപാർശകൾ,
സർക്കാർ നടപടികൾ

 

ശുപാർശകൾ

 • കമ്മിഷന് കിട്ടിയ തെളിവിന്റെ അടിസ്ഥാനത്തിൽ അഴിമതിയും നിയമവിരുദ്ധമായ പ്രതിഫലം (ലൈംഗിക സംതൃപ്തി) സ്വീകരിക്കലും ആരോപിക്കപ്പെട്ട എല്ലാവരുടെയും പേരിൽ അഴിമതിവിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാണോ എന്നത് സർക്കാർ ഗൗരവമായി പരിഗണിക്കണം.
 • പോലീസ് സേനയിലെ അച്ചടക്കം ഉയർത്തിപ്പിടിക്കാൻ ഉന്നതതലത്തിൽ പുനരന്വേഷണം വേണം. സരിതയുടെ കത്തിൽ പരാമർശമുള്ള പോലീസ് അസോസിയേഷൻ മുൻ സെക്രട്ടറി  ജി.ആർ. അജിത്തിനെതിരേ വകുപ്പുതല നടപടിവേണം.
 • കുറ്റവാളികളെയും വിചാരണത്തടവുകാരെയും കോടതികളിൽ ഹാജരാക്കുമ്പോൾ സുരക്ഷ ഉറപ്പാക്കണം. സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻ തടവുചാടുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നിട്ടും രണ്ടു സിവിൽ പോലീസുകാരുടെ മാത്രം മേൽനോട്ടത്തിലാണ് ബസിലും തീവണ്ടിയിലുമൊക്കെ കോടതിയിലേക്ക് കൊണ്ടുപോയത്.
 • പോലീസ് സേനയുടെ അന്തസ്സും അച്ചടക്കവും സൽപ്പേരും കാത്തുസൂക്ഷിക്കാൻ ആവശ്യമായ നിർദേശങ്ങൾ നടപ്പാക്കുന്നതിന് വിശദമായ അന്വേഷണം നടത്തണം.
 • സെക്രട്ടേറിയറ്റിലെ സി.സി.ടി.വി.യിലെ ദൃശ്യങ്ങൾ ഒരുവർഷത്തേക്കെങ്കിലും സൂക്ഷിച്ചുവയ്ക്കണം.
 • സൗരോർജ ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ അനർട്ടിനെ ഉടച്ചുവാർക്കണം.

സർക്കാർ നടപടി

 • അഴിമതിയും ലൈംഗികപീഡനവും ആരോപിക്കപ്പെട്ടവരുടെ പേരിൽ അന്വേഷണം നടത്താൻ ഡി.ജി.പി. രാജേഷ് ദിവാന്റെ നേതൃത്വത്തിൽ അന്വേഷണസംഘം.
 • ആരോപണ വിധേയയിൽനിന്ന് ലൈംഗിക സംതൃപ്തി നേടിയത് നിയമവിരുദ്ധ പാരിതോഷികമായിക്കണ്ട് അഴിമതിനിരോധന നിമപ്രകാരം കുറ്റം ചുമത്തുന്നത് പരിഗണിക്കും.
 • അന്വേഷണം അട്ടിമറിക്കാൻ പോലീസ് നടത്തിയ ശ്രമങ്ങളെപ്പറ്റിയും അന്വേഷണം.
 • സരിതയുടെ കത്തിൽപ്പറയുന്നവർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചോയെന്നും അന്വേഷിക്കും.
 • പോലീസ്, ജയിൽ വകുപ്പുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായി മൂന്നംഗസമിതി.
 • സെക്രട്ടേറിയറ്റിന്റെ സുരക്ഷ, സി.സി.ടി.വി. ദൃശ്യങ്ങളുടെ സൂക്ഷിക്കൽ, അനർട്ടിന്റെ വിപുലീകരണം എന്നിവയ്ക്ക് മന്ത്രിസഭാ തീരുമാനങ്ങൾ.  
 • പോലീസ് അസോസിയേഷൻ മുൻ സെക്രട്ടറി ജി.ആർ. അജിത്തിനെതിരേ വകുപ്പുതല നടപടി.

സരിതയുടെ ആരോപണങ്ങൾ
തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിതയുടെ ലൈംഗികാരോപണത്തിൽ കഴമ്പുണ്ടെന്ന ജുഡീഷ്യൽ കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്ക് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽവെച്ച് പീഡിപ്പിച്ചെന്നാണ് സരിതയുടെ ആരോപണം. 2.32 കോടി രൂപ കൈപ്പറ്റുകയും ചെയ്തു.
സരിതയുടെ പരാതിയിൽ മറ്റുള്ളവരെക്കുറിച്ചുള്ള ആരോപണങ്ങൾ:

 • ആര്യാടൻ മുഹമ്മദ്: പലതവണ ലൈംഗികമായി പീഡിപ്പിച്ചു. 25 ലക്ഷം രൂപ കൈപ്പറ്റി; ടെലിഫോണിലൂടെ ലൈംഗികച്ചുവയുള്ള വർത്തമാനം
 • കെ.സി. വേണുഗോപാൽ: ബലാത്സംഗം ചെയ്തു; പലതവണ ഭീഷണിപ്പെടുത്തി
 • അടൂർ പ്രകാശ്: ലൈംഗികമായി പീഡിപ്പിച്ചു; ടെലിഫോണിലൂടെ ലൈംഗികച്ചുവയുള്ള വർത്തമാനം; ബെംഗളൂരുവിലെ ഒരു ഹോട്ടലിലേക്കു ക്ഷണിച്ചു.
 • ഹൈബി ഈഡൻ:എറണാകുളം ഗസ്റ്റ്ഹൗസിലും എം.എൽ.എ. ഹോസ്റ്റലിലുംവെച്ച് ലൈംഗികമായി പീഡിപ്പിച്ചു.
 • എ.പി. അനിൽകുമാർ: മന്ത്രിമന്ദിരമായ റോസ് ഹൗസ്, ലേ മെറിഡിയൻ ഹോട്ടൽ, കേരള ഹൗസ് എന്നിവിടങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചു; ഏഴുലക്ഷം രൂപ കൈപ്പറ്റി.
 • മുൻ ധനകാര്യസഹമന്ത്രി പളനിമാണിക്യം: ലൈംഗിക പീഡനം; 25 ലക്ഷം രൂപ കൈപ്പറ്റി.
 • ജോസ് കെ. മാണി: ഡൽഹിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു.
 • എ.പി. അബ്ദുള്ളക്കുട്ടി: തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽവെച്ച് ബലാത്സംഗം ചെയ്തു.
 • എൻ. സുബ്രഹ്മണ്യൻ: ട്രിഡന്റ് ഹോട്ടലിൽവെച്ച് ലൈംഗിക പീഡനം.
 • പാണക്കാട് ബഷീറലി തങ്ങൾ: ലൈംഗികമായി പീഡിപ്പിച്ചു.
 • എ.ഡി.ജി.പി. കെ. പദ്മകുമാർ: ഫ്ളാറ്റിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു; ടെലിഫോണിലൂടെ ലൈംഗികച്ചുവയുള്ള വർത്തമാനം
 • മുൻ കൊച്ചി പോലീസ് കമ്മിഷണർ എം.ആർ. അജിത്കുമാർ: ടെലിഫോണിലൂടെ ലൈംഗികച്ചുവയുള്ള വർത്തമാനം.

എന്നെക്കുറിച്ചുള്ള പരാമർശങ്ങൾ സത്യവിരുദ്ധം. മുമ്പ്‌ ആരോപണമുയർന്നപ്പോൾത്തന്നെ സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട്‌ അന്നത്തെ ഡി.ജി.പി.ക്ക് നേരിട്ടു പരാതി നൽകുകയും മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്‌. പൊതുപ്രവർത്തകനെന്നനിലയിൽ അന്വേഷണം വേണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. അന്വേഷണത്തെ സ്വാഗതംചെയ്യുന്നു
-ജോസ് കെ.മാണി എം.പി.

പലവട്ടം പ്രചരിപ്പിച്ച വ്യാജകഥകളുടെ ആവർത്തനമാണ് കമ്മിഷൻ റിപ്പോർട്ട്. ഇതുവെച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനാണ് സി.പി.എം. ശ്രമം. ഇതിനെ രാഷ്ട്രീയമായി നേരിടും.
-എ.പി. അനിൽകുമാർ,എം.എൽ.എ.