തിരുവനന്തപുരം: ഒക്ടോബർമുതൽ കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഹാജർ രേഖപ്പെടുത്താൻ ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തും. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.  സെക്രട്ടേറിയറ്റിലും ഏതാനും കളക്ടറേറ്റുകളിലും ചില ഡയറക്ടറേറ്റുകളിലും മാത്രമാണ് പഞ്ചിങ് നിലവിലുള്ളത്.
അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെങ്കിലും ജീവനക്കാരും സംഘടനകളും അതിരുകടന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമരംഗത്ത് പല ജീവനക്കാരും മിതത്വം കാണിക്കുന്നില്ല. ഇക്കാര്യത്തിൽ സ്വയം നിയന്ത്രണത്തിന് തയ്യാറാകണം. പെൻഷൻ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും 70,000 പേരെ ഈ സർക്കാർ നിയമിച്ചു. അത്യാവശ്യമുള്ളിടത്ത് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നുണ്ട്. എന്നാലും പല വകുപ്പുകളിലും പുനർവിന്യാസം വേണ്ടിവരും.

പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുന്നതിന് സമിതിയെ നിയോഗിക്കും. കുടിശ്ശികയുള്ള രണ്ടുഗഡു ക്ഷാമബത്ത ഉടൻ നൽകും. ചെറിയ തസ്തികകളിൽ ഉയർന്ന ശമ്പളക്കാർക്ക് ഡെപ്യൂട്ടേഷൻ നൽകുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ പ്രോത്സാഹിപ്പിക്കില്ല. വർക്കിങ് അറേഞ്ച്‌മെന്റ് പൂർണമായും നിരുത്സാഹപ്പെടുത്തും.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് നിയമനങ്ങളിൽ നേരിട്ടുള്ളവയ്ക്ക് മാത്രമേ സംവരണം ബാധകമാകൂ. മറ്റ് വിഭാഗങ്ങളിൽ ബാധകമാകില്ലെന്ന് അഡ്വക്കേറ്റ് ജനറൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. പി.എസ്.സി.യുമായുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ കെ.എ.എസ്. വൈകാതെ നടപ്പാക്കും. ഡിജിറ്റൽ ഫയലിങ് നടപ്പാക്കാൻ ആലോചന തുടങ്ങി. ആദ്യഘട്ടങ്ങളിൽ ചില പ്രയാസമുണ്ടാവുമെങ്കിലും ഇത് ജനത്തിന് താത്പര്യമുള്ള കാര്യമാണ്.
ഹാജർ കാര്യക്ഷമമാക്കുന്നതിനും അഴിമതി തടയുന്നതിനും സംഘടനാ പ്രതിനിധികൾ സഹകരണം അറിയിച്ചു. 

ചീഫ് സെക്രട്ടറി പോൾ ആന്റണി, പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരും പങ്കെടുത്തു.