തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഏറെക്കാലത്തേക്ക് ഉള്ളംകൈയിലിട്ട് അമ്മാനമാടുന്നതിനുള്ള ആയുധമായി സോളാർ കേസ് മാറുകയാണ്. മുൻ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ഒരുപിടി നേതാക്കൾ സോളാർ ആരോപണങ്ങളുടെ പുറത്ത് നിയമനടപടികൾ നേരിടേണ്ടിവരുന്നത് കോൺഗ്രസിനെയും യു.ഡി.എഫിനെയും വല്ലാത്ത പ്രതിസന്ധിയിലാക്കും. പ്രതിരോധിക്കുകയല്ലാതെ കോൺഗ്രസിന്റെ മുമ്പിൽ മറ്റൊരു പോംവഴിയുമില്ല.

വി.എം. സുധീരന്റെ വിയോജനശബ്ദമല്ലാതെ, സോളാർ ആരോപണങ്ങളെ ചെറുക്കാൻ കോൺഗ്രസ് തത്കാലം ഒറ്റക്കെട്ടാണ്. ഉമ്മൻ ചാണ്ടിക്കും മറ്റ് മുൻ മന്ത്രിമാർക്കുമെല്ലാം എതിരായി പൊടുന്നനെ അന്വേഷണം നടത്തി കേസ് എടുത്ത്‌ കുറ്റപത്രം നൽകി അവരെയെല്ലാം ജയിലിലാക്കുന്ന സാഹചര്യം ഉടനുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അണലി കടിച്ചാൽ മുറിവ് ഉണങ്ങില്ല എന്നതുപോലുള്ള അവസ്ഥയിലാണ് ആരോപണവിധേയർ, വിഷമിറങ്ങാൻ സമയമെടുക്കും.  

സോളാറുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിലുള്ള വിജിലൻസ് അന്വേഷണവും ലൈംഗികാതിക്രമത്തിനുള്ള അന്വേഷണവും എത്ര നാൾ വേണമെങ്കിലും നീളാം. ആവശ്യകാലത്തും അനാവശ്യസമയത്തും ഭരണപക്ഷത്തിന് ഈ കേസ് പൊടിതട്ടിയെടുക്കാം. നിയമനടപടി എന്നതിനെക്കാളുപരി രാഷ്ട്രീയമായ നഷ്ടമാകും കോൺഗ്രസ് നേതാക്കൾക്ക് ഇതുമൂലമുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടി.

കമ്മിഷന്റെ ഓരോ കണ്ടെത്തലും അടിസ്ഥാനമാക്കി ഉടൻ കേസ് എടുക്കുമെന്ന മുൻ നിലപാടിൽനിന്ന് സർക്കാർ പിന്മാറി. പകരം എല്ലാ ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന തീരുമാനമാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചത്. ആദ്യ തീരുമാനപ്രകാരം നേതാക്കൾക്കെതിരേ കൂട്ടത്തോടെ കേസ് എടുത്തിരുന്നെങ്കിൽ അത് നിലനിന്നു എന്നു വരില്ല. എന്നാൽ ഓരോരുത്തർക്കുമെതിരേ അന്വേഷണം നടത്തി നടപടിയിലേക്ക് കടക്കാനുള്ള തീരുമാനം നിയമപരമായി കുറച്ചുകൂടി സുരക്ഷിതമാണ്.

കമ്മിഷനെയും സരിതയെയും ആക്രമിച്ച് യു.ഡി.എഫ്.
സോളാർ കമ്മിഷനെ തങ്ങൾ നിയമിച്ചതാണെങ്കിലും കമ്മിഷന്റെയും സരിതയുടെയും വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന നിലപാടാണ് യു.ഡി.എഫ്. സ്വീകരിക്കുന്നത്. സർക്കാർ നിശ്ചയിച്ച പരിഗണനാവിഷയങ്ങൾ സ്വന്തം നിലയിൽ ഭേദഗതിചെയ്ത കമ്മിഷന്റെ നടപടി കോടതിയിൽ ചോദ്യം ചെയ്യാനാണ് അവരുടെ നീക്കം. അന്വേഷണം പുരോഗമിച്ചപ്പോൾ കമ്മിഷൻ തന്നെ വിപുലപ്പെടുത്തിയ പരിഗണനാവിഷയങ്ങൾക്കും അപ്പുറം പോയെന്നും അവർ കുറ്റപ്പെടുത്തുന്നു.

പലവട്ടം മൊഴിമാറ്റിയ സരിതയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ മുമ്പുള്ള വിധി അവർ എടുത്തുകാട്ടുന്നു. ലൈംഗികാതിക്രമവും പണം വാങ്ങിയതും അടക്കമുള്ള ആരോപണങ്ങൾക്ക് ഒരു തെളിവുമില്ല. എന്തടിസ്ഥാനത്തിലാണ് കമ്മിഷൻ അവ റിപ്പോർട്ടിന്റെ ഭാഗമാക്കിയതെന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം. സരിതയുടെ കത്ത് മാത്രം അടിസ്ഥാനമാക്കി ഇത്തരത്തിലുള്ള കേസ് എടുക്കുന്നതിലേക്ക് സർക്കാർ പോകുന്നത് രാഷ്ട്രീയവിരോധം കാരണമാണ്‌. തമിഴ്‌നാട് ശൈലിയിലേക്ക് കേരള രാഷ്ട്രീയത്തെ സി.പി.എം. മാറ്റുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു.

തുടർനടപടി സർക്കാരിന്റെ നീക്കം നോക്കി
കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിക്കുന്ന തുടർ നടപടി നോക്കിയായിരിക്കും കോൺഗ്രസിന്റെയും നീക്കം. കമ്മിഷൻ പരിഗണനാവിഷയങ്ങൾ കടന്നുപോയെന്നും അങ്ങനെയുള്ള കണ്ടെത്തലുകൾക്ക് നിലനിൽപ്പില്ലെന്നും വാദിച്ച് കോടതിയെ സമീപിക്കണമെന്ന കാര്യത്തിൽ ധാരണയുണ്ടെങ്കിലും എപ്പോൾ വേണമെന്ന് തീരുമാനിച്ചിട്ടില്ല. പുതുതായി രൂപവത്കരിച്ച അന്വേഷണസംഘം കേസ് അന്വേഷിച്ച് തുടർ നടപടിയിലേക്ക് നീങ്ങുന്നത് നോക്കിയായിരിക്കും തുടർ തീരുമാനം.

ഗുണകരമെന്ന് ബി.ജെ.പി.; കേരള കോൺഗ്രസിലും ചലനം
കോൺഗ്രസ് ദുർബലപ്പെടുന്നത് ഗുണകരമാണെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവിടെ കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന കെ.സി. വേണുഗോപാലിനെതിരേ റിപ്പോർട്ടിലുള്ള പരാമർശം അവർ അവിടെ ആയുധമാക്കും. ജോസ് കെ. മാണിക്കെതിരേയുള്ള ആരോപണം കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനത്തിന്റെ വഴി അടയ്ക്കുന്നതാണ്. കേരള  കോൺഗ്രസിനെ ഇന്നത്തെ നിലയിൽ എടുക്കുന്നതിനോട് ഇടതുമുന്നണിയിലുള്ള എതിർപ്പ് ശക്തിപ്പെടാൻ ഇത് ഇടയാക്കും.

ഇടതുനേതൃത്വം ആഹ്ലാദത്തിൽ
സർക്കാർ പ്രഖ്യാപിച്ച തുടർനടപടികളുടെ ഗുണഫലം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുണമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. യു.ഡി.എഫ്. നേതാക്കളെ പ്രതിക്കൂട്ടിലാക്കിയ രാഷ്ട്രീയസാഹചര്യം ഏറെക്കാലം നിലനിൽക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. തോമസ്ചാണ്ടിയുടെ കാര്യത്തിൽ വൈകാതെതന്നെ തീരുമാനമുണ്ടാകുമെന്ന സൂചന സി.പി.എം. നേതൃത്വം നൽകിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയടക്കമുള്ള കോൺഗ്രസ് നേതാക്കളിൽ നല്ലൊരു വിഭാഗം സംശയത്തിന്റെ നിഴലിലാകുന്ന രാഷ്ട്രീയസാഹചര്യം ദേശീയതലത്തിൽ ബി.ജെ.പി. മുതലെടുത്തേക്കാം. കേരളത്തിലും അത്തരമൊരു നീക്കം ബി.ജെ.പി. നടത്തുമെന്ന ആശങ്കയും ഇടതുപക്ഷത്തെ ചില നേതാക്കൾക്കെങ്കിലുമുണ്ട്.

സോണിയാഗാന്ധി നിലപാട് വ്യക്തമാക്കണം -കോടിയേരി
എ.ഐ.സി    .സി. ജനറൽ സെക്രട്ടറി, ജോയന്റ്‌ സെക്രട്ടറി, മുൻമുഖ്യമന്ത്രി, മുൻമന്ത്രിമാർ, തുടങ്ങിയവർക്കെതിരേ വിരൽചൂണ്ടുന്ന റിപ്പോർട്ടിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഹൈക്കമാൻഡും നിലപാട് വ്യക്തമാക്കണം. ആരോപണവിധേയരായ ഉമ്മൻ ചാണ്ടിയടക്കമുള്ളവർ പൊതുരംഗത്തെ സ്ഥാനങ്ങളൊഴിഞ്ഞ് മാതൃക കാട്ടണം. രാജ്യത്തിനുമുന്നിൽ കേരളത്തെ അപമാനിതമാക്കുന്നതാണ് ഇവരുടെ പ്രവൃത്തികൾ. കണ്ടെത്തലുകൾ ഗൗരവതരമാണെന്ന് കെ.പി.സി.സി. മുൻ അധ്യക്ഷൻ വി.എം. സുധീരൻ പ്രഖ്യാപിച്ചിട്ടുണ്ട്.

10 കോടി വാഗ്ദാനം സരിതയുടെ ആരോപണം ശരിയാണോയെന്ന് സി.പി.എം. വ്യക്തമാക്കണം -ഉമ്മൻചാണ്ടി
ഉമ്മൻചാണ്ടിക്കെതിരേ പറഞ്ഞാൽ പത്തുകോടി രൂപ നൽകാമെന്ന് സി.പി.എം. നേതാവ് വാഗ്ദാനംചെയ്തെന്ന സരിതയുടെ ആരോപണം മുഖ്യമന്ത്രിയും സി.പി.എമ്മും വിശ്വസിക്കുന്നുണ്ടോയെന്ന് ഉമ്മൻചാണ്ടി. സോളാർ വിവാദം സംസ്ഥാനത്ത് കത്തിനിൽക്കുമ്പോഴാണ് 10 കോടി നൽകാമെന്ന് ആലപ്പുഴയിലെ സി.പി.എം. നേതാവ് വാഗ്ദാനം ചെയ്തതായുള്ള സരിതയുടെ അഭിമുഖം ഒരു വാരികയിൽ പ്രസിദ്ധീകരിച്ചത്.  സരിതയുടെ വാക്കുകളിൽ വിശ്വാസം ഇല്ലാതിരുന്നതിനാൽ സി.പി.എമ്മിനെതിരായ പ്രതിരോധത്തിന് താൻ അത് ഉപയോഗിച്ചില്ല.

സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്  വിശ്വസിക്കാതിരുന്നത്. അതാണ് താൻകാട്ടിയ രാഷ്ട്രീയമാന്യത. ഈ അഭിമുഖം ഉപയോഗിക്കാൻ ശ്രമിച്ച ഒപ്പമുള്ളവരെ താൻ തടഞ്ഞു.
വിശ്വാസ്യതയില്ലാത്ത ഒരാൾ പറയുന്നതിനു പിന്നാലെ പോകേണ്ട പാർട്ടിയാണോ സി.പി.എം.  നാലുവർഷമായി സോളാർവിവാദം തന്നെ വേട്ടയാടിയിട്ടും സമചിത്തത കൈവെടിഞ്ഞിട്ടില്ല. ലൈംഗികമായി താൻ ഉപയോഗിച്ചുവെന്ന് ആക്ഷേപിക്കുന്ന കത്ത് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി താൻ നൽകിയിട്ടുള്ള മാനനഷ്ടക്കേസ് കോടതിയുടെ പരിഗണനയിലാണ്. കത്ത് വന്ന വഴിയും അതിന്റെ ചെലവും അന്നേ അറിയാം.

‘കത്തിന്റെ വിശ്വാസ്യതയിൽ സംശയം’

റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ സരിതയുടെ കത്തിന്റെ വിശ്വാസ്യതയിൽ സംശയമുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. 21 പേജുകളുള്ള കത്താണ് സരിത തയ്യാറാക്കിയതെന്ന് ജയിൽ സൂപ്രണ്ട് രസീത് നൽകിയിരുന്നത്. എന്നാൽ, പിന്നീട് ഒരു മാധ്യമപ്രവർത്തകൻ കമ്മിഷനിൽ ഹാജരാക്കിയത് 25 പേജുള്ള കത്താണ്. സോളാർ റിപ്പോർട്ടാണോ സരിതാ റിപ്പോർട്ടാണോയെന്ന് സംശയിക്കാവുന്ന തരത്തിൽ റിപ്പോർട്ടിന്റെ രണ്ട് വാല്യങ്ങളിൽ കമ്മിഷൻ ഈ കത്ത് ചേർത്തിട്ടുണ്ട്. അന്വേഷണപരിധിയിൽ ഉണ്ടായിരുന്നിട്ടും മുൻ എൽ.ഡി.എഫ്. ഭരണകാലത്ത് നടന്ന തട്ടിപ്പുകളെ കമ്മിഷൻ അവഗണിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.

 തന്റെ ഭരണകാലത്ത് നിയമിച്ച കമ്മിഷന് എല്ലാ സഹായവും നൽകിയിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്ന ഒന്നരവർഷത്തിനിടെയാണ് പല മാറ്റങ്ങളും ഉണ്ടായത്. കമ്മിഷനിൽ കത്ത് എത്തിയത് പോലും എൽ.ഡി.എഫ്. സർക്കാർ വന്നശേഷമാണ്. അന്വേഷണ വിഷയങ്ങളുടെ പരിധിയിൽനിന്ന് ജുഡീഷ്യൽ കമ്മിഷനുകൾ വ്യതിചലിക്കരുതെന്ന് സുപ്രീംകോടതി വിധി ഉണ്ടായിട്ടും സോളാർ കമ്മിഷൻ അത് ലംഘിച്ചെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ന്  പ്രത്യേക മന്ത്രിസഭാ യോഗം
തിരുവനന്തപുരം: വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. സോളാർ കമ്മിഷൻ റിപ്പോർട്ടും തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ടും നിയമസഭയിൽ െവച്ച സാഹചര്യത്തിൽ, കേസന്വേഷണത്തിന്റെ കാര്യങ്ങൾ മന്ത്രിസഭായോഗം ചർച്ച ചെയ്യും. സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട ഓർഡിനൻസും മന്ത്രിസഭായോഗം പരിഗണിക്കും.