തിരുവനന്തപുരം: സോളാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നിയമപരമായ ഒരു നടപടിയെയും ഭയപ്പെടുന്നില്ലെന്ന് ഉമ്മൻചാണ്ടി. അന്തിമവിധി തനിക്ക് അനുകൂലമായിരിക്കും. അന്ന് താൻ ജനത്തിനുമുന്നിൽ തലയുയർത്തി നിൽക്കുമെന്നും ഉമ്മൻചാണ്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
‘ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം രാഷ്ട്രീയ പ്രതികാരം തീർക്കാനാണെങ്കിൽ എതിർപ്പുണ്ടാകും. നിയമപരമായുള്ള എല്ലാ അവകാശത്തിനും ശ്രമിക്കും. അതല്ലാതെ ഒരാളുടെയും കാലുപിടിക്കാൻ പോകില്ല.

50 വർഷമായി പൊതുപ്രവർത്തനരംഗത്തുള്ള ഞാൻ കണ്ണാടിക്കൂട്ടിലല്ല കഴിഞ്ഞത്. എപ്പോഴും ജനങ്ങൾക്കൊപ്പമാണ് നിന്നത്. ഇന്നേവരെ കൈക്കൂലി, ലൈംഗിക ആക്ഷേപം എന്നിവയ്ക്ക് ഇടനൽകിയിട്ടില്ല. എന്നെ അടുത്തറിയാവുന്നവർക്ക് എന്റെ സമീപനം അറിയാം. എന്റെ ജീവിതം ജനങ്ങൾക്കുമുന്നിൽ രഹസ്യമല്ല. എന്നെപ്പറ്റി ജനങ്ങൾക്കുള്ള വിശ്വാസം ഇപ്പോഴത്തെ ആക്ഷേപത്തിന്റെ പേരിൽ ഇല്ലാതാവില്ല. ആക്ഷേപങ്ങളിൽ ഒരു ശതമാനമെങ്കിലും ശരിയുണ്ടെങ്കിൽ പൊതുജീവിതം അവസാനിപ്പിക്കും. ശരിയാണെങ്കിൽ പൊതുജീവിതത്തിൽ തുടരാൻ ഞാൻ അർഹനുമല്ല. തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വാസമുണ്ട്.

സാധാരണ അന്വേഷണ കമ്മിഷനുകളുടെ റിപ്പോർട്ട് സഭയിൽ സമർപ്പിക്കും മുമ്പ് പ്രധാന കണ്ടെത്തലുകൾ പുറത്ത് നൽകാറുണ്ട്. പക്ഷേ, സോളാർ കമ്മിഷന്റെ കാര്യത്തിൽ അതുണ്ടായില്ല. പകരം റിപ്പോർട്ടിലെ കണ്ടെത്തലുകൾ മറച്ചുവെച്ച് സർക്കാർ നിയമനടപടികളിലേക്ക് നീങ്ങുകയായിരുന്നു. അതിന്റെ സാഹചര്യമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
നാലു വാല്യങ്ങളുള്ള റിപ്പോർട്ടിന്റെ ഒരു വാല്യത്തിൽ കമ്മിഷൻ ഒപ്പിട്ടിരുന്നില്ല. അത് യാദൃച്ഛികമാണോ മറ്റേതെങ്കിലും സാഹചര്യം കൊണ്ടാണോ എന്ന് അറിയേണ്ടതുണ്ട്. റിപ്പോർട്ട് സമർപ്പിച്ചശേഷം ആഭ്യന്തരവകുപ്പിലെ ഒരുദ്യോഗസ്ഥൻ കമ്മിഷനെ കണ്ട് ഒപ്പിട്ടുവാങ്ങിയപ്പോൾ മറ്റെന്തെങ്കിലും മറിമായവും നടന്നുവോയെന്ന് സംശയിക്കാവുന്ന സാഹചര്യം ഉണ്ട്. ഒപ്പിടാതെ ഒരു വാല്യം കമ്മിഷൻ സർക്കാരിന് കൈമാറിയത് എന്തെങ്കിലും പിന്നീട് എഴുതിച്ചേർക്കാനാണെന്ന സാധ്യത തള്ളിക്കളയാനാവില്ല’-ഉമ്മൻ ചാണ്ടി പറഞ്ഞു.

ഒരാൾ ബ്ലാക്ക്മെയിൽ ചെയ്തു
സോളാർ വിഷയവുമായി ബന്ധപ്പെട്ട് ഒരാൾ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്തുവെന്ന്  ഉമ്മൻചാണ്ടി വെളിപ്പെടുത്തി. അതിൽ തനിക്ക് ദുഃഖമുണ്ട്. അതാരെന്ന് പിന്നീട് പറയാമെന്നും കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു.  ബ്ലാക്ക്‌മെയിൽ ചെയ്തത് ആരെന്ന് വ്യക്തമാക്കണമെന്ന് മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല.