കോഴിക്കോട്: തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമം. രാവിലെ കടകള്‍ തുറന്നെങ്കിലും ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികളെത്തി അടപ്പിച്ചു. സ്വകാര്യ ബസുകളടക്കം സര്‍വീസ് നിര്‍ത്തി. കാസര്‍കോട്ട് ഉച്ചയ്ക്കുശേഷം ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു.

മലപ്പുറം ജില്ലയില്‍ വിവാഹ, മരണ ചടങ്ങുകള്‍ക്കായി പോയവരെപ്പോലും ഹര്‍ത്താലുകാര്‍ വെറുതേവിട്ടില്ല. താനൂരില്‍ രോഗിയെ കൊണ്ടുപോയ കാര്‍ ആക്രമിച്ചു. കെ.ആര്‍. ബേക്കറി പൂര്‍ണമായും തകര്‍ത്തു. എടക്കര, എടപ്പാള്‍, ചുങ്കത്തറ എന്നിവിടങ്ങളിലായി മുന്നൂറോളം പേര്‍ക്കെതിരേ കേസെടുത്തു. നടുവട്ടത്ത് ബി.ജെ.പി. അനുയായിയുടെ കട അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമൊഴിവാക്കാന്‍ പോലീസ് ലാത്തിവീശി.

ചേലേമ്പ്ര ഇടിമുഴിക്കല്‍ ഗണപതി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഹര്‍ത്താലനുകൂലികള്‍ കയറിയത് സംഘര്‍ഷത്തിനിടയാക്കി. ഇതു തടയാന്‍ മറ്റൊരുസംഘം ശ്രമിച്ചതോടെ പോലീസിടപെട്ടു.

സ്വകാര്യ ബസുകള്‍ രാവിലെ സര്‍വീസ് നിര്‍ത്തി. ബാങ്കുകള്‍ പ്രവര്‍ത്തിച്ചില്ല. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പലയിടത്തും തടഞ്ഞു. മിക്ക പെട്രോള്‍ പമ്പുകളും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ കുറവായിരുന്നു. 196 ജീവനക്കാരുള്ള കളക്ടറേറ്റില്‍ 90 പേരാണെത്തിയത്. ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക ഫില്ലിങ് പ്ലാന്റിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

തിരുവനന്തപുരത്ത് ചാല കമ്പോളം, പാളയം, മണക്കാട്, നെടുമങ്ങാട്, ബാലരാമപുരം എന്നിവിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ കടകളടപ്പിച്ചു. പാളയത്തും നെടുമങ്ങാട്ടും സംഘര്‍ഷമുണ്ടായി. രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ട് ഓട്ടോറിക്ഷകളുടെ ചില്ല് തകര്‍ത്തു. 12 പേരെ അറസ്റ്റുചെയ്തു.

കൊല്ലം നഗരത്തില്‍ ചിലയിടങ്ങളില്‍ വ്യാപാരികള്‍ക്കുനേരെ കൈയേറ്റ ശ്രമമുണ്ടായി. തട്ടാമലയില്‍ മുഖംമൂടിസംഘം ബസുകള്‍ തടഞ്ഞു. പോലീസ് ഇടപെട്ട് ഇവരെ പിന്നീട് പിന്തിരിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തി.

ആലപ്പുഴ കലവൂരില്‍ കടകളടപ്പിക്കാന്‍ ശ്രമിച്ചവരെ തുരത്താന്‍ പോലീസ് ലാത്തിവീശി. മണ്ണഞ്ചേരി, മാന്നാര്‍ എന്നിവിടങ്ങളില്‍ കടകളടപ്പിച്ചു. മുപ്പതോളം പേരെ കസ്റ്റഡിയിലെടുത്തു. കോട്ടയം ഈരാറ്റുപേട്ടയില്‍ കടകള്‍ അടപ്പിക്കാനെത്തിയ 19 പേരെ അറസ്റ്റുചെയ്തു.

എറണാകുളം ജില്ലയില്‍ നഗരത്തിലും മുവാറ്റുപുഴ, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലുമാണ് പ്രതിഷേധമുണ്ടായത്. മൂവാറ്റുപുഴയില്‍ രാവിലെ പത്തരയ്ക്ക് സംഘമായെത്തിയ ഹര്‍ത്താലനുകൂലികള്‍ മെഡിക്കല്‍ സ്റ്റോറുകളക്കം അടപ്പിച്ചു. സ്വകാര്യ ബസ് തടഞ്ഞു. മൂന്നുമണിക്കൂറിനുശേഷമാണ് പോലീസെത്തി പ്രതിഷേധക്കാരെ ഓടിച്ചത്. തോപ്പുംപടി, മട്ടാഞ്ചേരി, പള്ളുരുത്തി കച്ചേരിപ്പടി എന്നിവിടങ്ങളിലും കടകളടപ്പിച്ചു. ജില്ലയില്‍ മുപ്പതോളം പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

തൃശ്ശൂര്‍ ജില്ലയില്‍ ഒരിക്കലും ഹര്‍ത്താല്‍ നടക്കാത്ത കയ്പമംഗലം ചളിങ്ങാട് ഗ്രാമത്തില്‍ തിങ്കളാഴ്ച ഹര്‍ത്താലെത്തി. ജില്ലയില്‍ 18 പേരെ അറസ്റ്റുചെയ്തു. ചേലക്കര, പഴയന്നൂര്‍, കയ്പമംഗലം, കാളമുറി, മൂന്നുപീടിക, പെരിഞ്ഞനം, കൊപ്രക്കളം എന്നിവിടങ്ങളില്‍ കടകളടപ്പിച്ചു. ചിലഭാഗത്ത് റോഡുപരോധവുമുണ്ടായി.

പാലക്കാട് നഗരത്തിലും ഒറ്റപ്പാലം, പട്ടാന്പി, ചിറ്റൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളിലും ഹര്‍ത്താലനുകൂലികള്‍ അഴിഞ്ഞാടി. പാലക്കാട്, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ പോലീസ് ലാത്തിവീശി. റോ!ഡിലെ തടസ്സം നീക്കുന്നതിനിടെ ചെര്‍പ്പുളശ്ശേരി സ്റ്റേഷനിലെ സി.പി.ഒ. കൃഷ്ണദാസിന് മുഖത്തടിയേറ്റു. ഇരുനൂറോളം പേര്‍ക്കെതിരേ കേസെടുത്തു. ഷൊര്‍ണൂരില്‍ 32 പേരെ അറസ്റ്റുചെയ്തു.

കോഴിക്കോട് ജില്ലയില്‍ പലയിടത്തും അക്രമമുണ്ടായി. നൂറിലേറെപ്പേരെ അറസ്റ്റുചെയ്തു. ബേപ്പൂര്‍ മാത്തോട്ടം വനശ്രീക്കുമുന്നില്‍ അക്രമം അഴിച്ചുവിട്ടവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. മുക്കം, താമരശ്ശേരി, കൊടുവള്ളി, കിണാശ്ശേരി, ഉള്ള്യേരി, കടിയങ്ങാട് പാലം, കൊയിലാണ്ടി, വടകര, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു.

വയനാട് ജില്ലയില്‍ വാഹനം തടഞ്ഞതും കടകളടപ്പിച്ചതും നേരിയ സംഘര്‍ഷമുണ്ടാക്കി. 12 കേസുകളിലായി 32 പേരെ അറസ്റ്റുചെയ്തു.

കണ്ണൂരില്‍ നഗരത്തിലും ഇരിട്ടിയിലും നേരിയതോതില്‍ സംഘര്‍ഷമുണ്ടായി. കണ്ണൂര്‍ ടൗണ്‍പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. രണ്ട് എ.എസ്.ഐ. ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. നൂറിലധിംപേരെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍, തളിപ്പറമ്പ്, പഴയങ്ങാടി എന്നിവിടങ്ങളില്‍ കടകളടപ്പിച്ചു.

കാസര്‍കോട്ട് നാല് കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ചില്ല് തകര്‍ത്തു. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരായ കെ. സുഭാഷ്, ജോമോന്‍ മാത്യു, കണ്ടക്ടര്‍ ദേവപ്പ എന്നിവര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെ കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചു. സ്വകാര്യബസുകളും ഓടിയില്ല. ജില്ലയില്‍ 93 പേരെ അറസ്റ്റ് ചെയ്തു. നായന്‍മാര്‍മൂല, ഉദുമ, വിദ്യാനഗര്‍, കുമ്പള, ആരിക്കാടി ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.