മലപ്പുറം: കാലിക്കറ്റ് സർവകലാശാലയുടെ ബി.എ. ഇംഗ്ലീഷ് നാലാംസെമസ്റ്റർ വിദ്യാർഥികൾ പഠിക്കേണ്ട ‘ലിറ്റററി ക്രിട്ടിസിസം’ എന്ന പുസ്തകം മറ്റൊരു പുസ്തകത്തിന്റെ തനിപ്പകർപ്പ്. നൂറുപേജോളം വരുന്ന പുസ്തകത്തിന്റെ ആദ്യഭാഗമാണ് ഏറെക്കുറെ മറ്റൊരു പുസ്തകത്തിൽനിന്ന് അതേപടി പകർത്തിയത്. ഇംഗ്ളീഷ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സണായ ഡോ. കെ. പ്രദീപ്കുമാറും ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായ ഡോ. ആർ. ശ്രീപ്രിയയും ചേർന്നെഴുതിയ പുസ്തകം കാലിക്കറ്റ് സർവകലാശാലയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

65-ൽ ബി. പ്രസാദ് രചിച്ച് മക്മിലൻ പ്രസിദ്ധീകരിച്ച ‘ആൻ ഇൻട്രൊഡക്‌ഷൻ ടു ഇംഗ്ലീഷ് ക്രിട്ടിസിസം’ എന്ന പുസ്തകത്തിലെ ഭാഗങ്ങൾ വള്ളിപുള്ളി വിടാതെയാണു യൂണിവേഴ്സിറ്റിയുടെ ‘ലിറ്റററി ക്രിട്ടിസിസം’ എന്ന പുസ്തകത്തിൽ ഇടംപിടിച്ചത്. പുസ്തകത്തിലെവിടെയും ബി. പ്രസാദിന്റെ രചനയാണിതെന്ന്‌ പറയുന്നില്ല.

സർവകലാശാല പ്രസിദ്ധീകരിച്ച പുസ്തകം ഗ്രന്ഥകർത്താക്കൾക്കു സ്ഥാനക്കയറ്റമടക്കമുള്ള കാര്യങ്ങളിൽ അധികയോഗ്യതയായി പരിഗണിക്കപ്പെടും. അമ്പതുവർഷം കഴിഞ്ഞതോടെ യഥാർഥ പുസ്തകത്തിനു പകർപ്പവകാശമുണ്ടാവില്ല. എന്നാൽ ഒരു പുസ്‌തകത്തിലെ നാൽപ്പതോളം പേജുകൾ അതുപോലെ ആവർത്തിക്കുമ്പോൾ അക്കാര്യം ചൂണ്ടിക്കാട്ടാത്തതിലെ അധാർമികതയാണ് ചോദ്യംചെയ്യപ്പെടുന്നത്. അക്കാര്യം പറയാത്തിടത്തോളം പുതിയ പുസ്തകമായാണ് ഇതിനെ ആരും കരുതുക. പുസ്‌തകത്തിനു യൂണിവേഴ്സിറ്റി നൽകുന്ന റോയൽറ്റിയും രണ്ടുപേർക്കും അവകാശപ്പെട്ടതാണ്. യഥാർഥ പുസ്തകം വിപണിയിൽ ലഭ്യമായിരിക്കെ പിന്നെന്തിനു സർവകലാശാല ഇതു സ്വന്തംനിലയിൽ പ്രസിദ്ധീകരിക്കണം എന്ന ചോദ്യവുമുയരുന്നു.

യഥാർഥ പുസ്‌തകത്തിലെ മൂന്ന്, നാല് പേജുകളിൽ കാണുന്ന ‘പോയറ്റിക് ഇൻസ്പിരേഷൻ’, ‘ഇമോഷണൽ അപ്പീൽ ഓഫ് പോയറ്ററി’, ‘ഇറ്റ്സ് നോൺമോറൽ ക്യാരക്ടർ’ എന്നീ ഖണ്ഡികകൾ തലക്കെട്ടുപോലും മാറ്റാതെയാണ് യൂണിവേഴ്സിറ്റി പുസ്തകത്തിന്റെ 13, 14 പേജുകളിൽ പകർത്തിയിരിക്കുന്നത്. യഥാർഥ പുസ്തകത്തിലെ ആറ്, പതിനെട്ട് പേജുകളിലുള്ളത് ലിറ്റററി ക്രിട്ടിസിസത്തിന്റെ 15, 21 പേജുകളിലും അതേപടി ഇടംപിടിച്ചിട്ടുണ്ട്.