തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഉംപുൻ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി (സൂപ്പർ സൈക്ലോണിക് സ്‌റ്റോം). ബുധനാഴ്ചയോടെ അത് ബംഗാൾ-ബംഗ്ലാദേശ് തീരത്ത് വീശിയടിക്കും. ഒഡിഷയിലും പശ്ചിമബംഗാളിലും ജാഗ്രതാമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ ചൊവ്വാഴ്ചയും കനത്ത മഴപെയ്യും. ശക്തമായ കാറ്റുംവീശും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ഒമ്പത് ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.

കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനുസാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് അകലുന്തോറും കേരളത്തിൽ മഴയ്ക്കും കാറ്റിനുമുള്ള സാധ്യത കുറയുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു.

ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായി കേരളത്തിൽ വ്യാപകമായി മഴപെയ്തു. കൊയിലാണ്ടിയിലാണ് ഏറ്റവുംകൂടുതൽ മഴ രേഖപ്പെടുത്തിയത് (8.7 സെൻറീമീറ്റർ). വടകരയിലും കൊല്ലത്തും കോട്ടയത്തും ശക്തമായ മഴപെയ്തു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറ്റിറ്റി മുന്നറിയിപ്പ് നൽകി.

Content highlight: 'Amphan' as Super Cyclone; Heavy rainfall  in Kerala