eby
എബി കത്തിയ കാറിന് സമീപം

ഉഴവൂര്‍: വീടുപണി നടക്കുന്ന സ്ഥലത്തായിരുന്നു കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഉഴവൂര്‍ ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ് (45). മരം ഒടിഞ്ഞുവീഴുന്നതുപോലുള്ള ശബ്ദം കേട്ടാണ് എബി നോക്കുന്നത്. റോഡിലേക്ക് ഇറങ്ങിയതോടെ കണ്ട കാഴ്ച ഭീതി ജനിപ്പിക്കുന്നതും. വഴിയരികിലെ ട്രാന്‍സ്ഫോര്‍മര്‍ ഒടിഞ്ഞുവീണ് ഒരു കാറിന് മുകളില്‍. ചിലന്തിവല പോലെ ചുറ്റും വൈദ്യുതിവിതരണ കമ്പികള്‍. കാറിന്റെ മുന്‍വശത്തുനിന്ന് തീയും പുകയും ഉയരുന്നു.

ഞായറാഴ്ചയായതിനാല്‍ ഒരു കുടുംബം തന്നെ കാറിലുണ്ടാകുമെന്നാണ് കരുതിയത്. എന്തായാലും ഒരു ജീവനും നഷ്ടപ്പെടാന്‍ ഇടവരുത്തരുത് എന്നു മാത്രമായിരുന്നു പ്രാര്‍ഥന. ഓടിയെത്തുമ്പോള്‍ കാറിന് ചുറ്റും വൈദ്യുതികമ്പികള്‍ കണ്ട് ഒന്നു സംശയിച്ചു. എങ്കിലും മറ്റൊന്നും ചിന്തിക്കാന്‍ കഴിഞ്ഞില്ല. ഉള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. കാറിന്റെ ഡ്രൈവര്‍സീറ്റിലെ ഒരാളെ മാത്രമേ കാണാനായുള്ളൂ. ഡ്രൈവറുടെ വശത്തെ വാതില്‍ തുറക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു.

കാറിന് മുകളിലേക്ക് ട്രാന്‍സ്ഫോര്‍മര്‍ വീണതോടെ വൈദ്യുതിബന്ധം നിലച്ചിട്ടുണ്ടാകുമെന്ന് ഉറച്ച് വിശ്വസിച്ചു. ഉടന്‍ പിന്നിലെ ചില്ല് തല്ലിപ്പൊട്ടിച്ചു. ഇതിനിടയില്‍ തന്റെ കൈ മുറിഞ്ഞ് രക്തം വാര്‍ന്ന് ഒഴുകിയതൊന്നും കാര്യമാക്കിയില്ല. ചില്ല് പൊട്ടിയതോടെ ഡിക്കി തുറക്കാന്‍ ആവശ്യപ്പെട്ടു. ഇതു വഴിയാണ് കാറില്‍നിന്ന് ആളെ രക്ഷിച്ചത്. അപ്പോഴേക്കും തീ ആളി തുടങ്ങിയിരുന്നു. നാട്ടുകാരും ഓടിയെത്തി.

ഇതിനുശേഷമാണ് ഉഴവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. കൈക്ക് രണ്ട് തുന്നലും ഉണ്ട്. എബി തന്നെയാണ് അഗ്‌നിരക്ഷാസേന, വൈദ്യുതി, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതും.

car catches fire
തീയണയ്ക്കാന്‍ ശ്രമിക്കുന്ന അഗ്‌നിരക്ഷാസേന

കാറും ട്രാന്‍സ്ഫോര്‍മറും പൂര്‍ണമായും നശിച്ചു ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറിയ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഷാപ്പ് നടത്തിപ്പുകാരന്‍ മോനിപ്പള്ളി കാരാംവേലില്‍ റജിമോനാണ് ഉള്ളില്‍ കുടുങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഉഴവൂരില്‍നിന്ന് മോനിപ്പള്ളിക്ക് വരികയായിരുന്നു കാര്‍. ആല്‍പ്പാറ റോഡില്‍ പായസപ്പടി ഭാഗത്തെ ട്രാന്‍സ്ഫോര്‍മറിലേക്കാണ് ഇടിച്ചുകയറിയത്. കാറിന് മുകളിലേക്ക് ട്രാന്‍സ്ഫോര്‍മര്‍ പതിച്ചു. ചുറ്റും വൈദ്യുതിവിതരണ കമ്പികളും വീണു. ഡ്രൈവര്‍സീറ്റിന്റെ ഭാഗത്തെ വാതില്‍ തുറക്കാന്‍ കഴിയാത്തവിധമായിരുന്നു.

Content Highlights:  police man's heroism