expoകൊച്ചി: പ്രൗഢവും അഭിമാനകരവുമായ ആഡംബരക്കാഴ്ചയ്ക്ക്‌ തയ്യാറെടുക്കുകയാണ് കേരളം. ആഡംബര വാഹനങ്ങളുടെയും  ആടയാഭരണങ്ങളുടെയും ലൈഫ്‌സ്റ്റൈൽ ശേഖരങ്ങളുടെയും ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ പ്രദർശനത്തിന് വേദിയൊരുക്കുകയാണ് ‘മാതൃഭൂമി ഇന്ത്യൻ ലക്ഷ്വറി എക്സ്‌പോ’. മാതൃഭൂമിയും ലക്ഷ്വറി കൺസൾട്ടൻസി ലോകത്ത് നക്ഷത്രത്തിളക്കമുള്ള ഹൈദരാബാദിലെ ജൂക് ബോക്സ് എന്റർടെയ്ൻമെന്റ് ലിമിറ്റഡും ചേർന്നൊരുക്കുന്ന എക്സ്‌പോ ബോൾഗാട്ടി പാലസിൽ ഡിസംബർ എട്ട്, ഒൻപത് തീയതികളിലാണ്. 

കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പ്രദർശനം. നാൽപതിലേറെ ലോകോത്തോര ബ്രാൻഡുകൾ ആദ്യമായി ഒരുമിച്ച്‌ മലയാളിയുടെ വീട്ടുമുറ്റത്തെത്തുകയാണ് ഇതിലൂടെ.ലോകത്തെ വിസ്മയം കൊള്ളിക്കുകയും ലോകമെമ്പാടും ചർച്ചയാവുകയും ചെയ്തിട്ടുള്ള ആഡംബര ബ്രാൻഡുകൾ കൊച്ചിയിൽ വിരുന്നെത്തും. അവ തൊട്ടടുത്ത് കാണാം, സവിശേഷതകൾ തിരിച്ചറിയാം, സംശയങ്ങൾ തീർക്കാം. മുൻപ് സമ്പന്ന രാജ്യങ്ങളിൽ മാത്രം കണ്ടിട്ടുള്ള അഭിജാതവും മേന്മയുറ്റതുമായ ഇനങ്ങളെ ആദ്യമായി ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് പ്രദർശനം. 

ചിത്രകാരൻ റിയാസ് കോമു, ആർക്കിടെക്ട് ടോണി ജോസഫ്, നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്, വ്യവസായികളായ ദീപക് അസ്വാനി, പി.പി. ആഷിക് എന്നിവരാണ് എക്സ്‌പോയുടെ ഉപദേശക സമിതിയിലുള്ളത്. പ്രദർശനത്തിന്‌ എത്തുന്നവർക്ക്‌ ആഡംബരത്തിന്റെ പരിപൂർണ അനുഭവം ഇവർ ഉറപ്പുവരുത്തും. ശോഭ ഡെവലപ്പേഴ്‌സ്, സൗത്ത്‌ ഇന്ത്യൻ ബാങ്ക്, ബോൾഗാട്ടി പാലസ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം.

ഇന്ദ്രിയമോഹമാണ് ആഡംബരത്തോടുള്ള കൗതുകം. അവ നമ്മുടെ സാഹചര്യത്തെയും നാഗരികതയെയും പരിഷ്കാരത്തെയും ഉത്തേജിപ്പിക്കുന്നു. നിലവിലുള്ളതിൽ നിന്ന്‌ കൂടുതൽ നല്ലതിലേക്കുള്ള പ്രയാണമാണത്. ഇന്ദ്രിയ ചോദനകളെ തൃപ്തിപ്പെടുത്താൻ മനുഷ്യൻ എന്നും കൂടുതൽ ഗുണകരവും ആകർഷണീയവും ഫലപ്രദവുമായ  വസ്തുക്കളിലേക്ക് അന്വേഷണം നീട്ടിയിരുന്നു. ഒാരോ ആഡംബര വസ്തുവിന്റെയും പിറവിക്കു പിന്നിൽ ഈ ചോദനയുണ്ട്.   നിലവിലുള്ള സാമൂഹിക വ്യവസ്ഥിതികളെ പരിക്കേൽപ്പിക്കാതെയാണ് നല്ല മാറ്റങ്ങളെല്ലാം ഉണ്ടായിട്ടുള്ളതെന്ന്‌ ചരിത്രം പറയുന്നു. ഒരു കേവല യാത്ര മാത്രമാണ് ലക്ഷ്യം വച്ചിരുന്നതെങ്കിൽ കാളവണ്ടിയുഗത്തിൽ നിന്ന്‌ മനുഷ്യൻ മുന്നോട്ടു പോവില്ലായിരുന്നു.  ചരിത്രം ആദരിക്കുന്ന സമൃദ്ധിയുടെ പഴയ കോട്ടകളായിരുന്നു നൈലിന്റെയും യൂഫ്രട്ടീസിന്റെയും തീരങ്ങളെ ബന്ധിപ്പിച്ചിരുന്ന വാണിജ്യ പാതകളുടെ സമുച്ചയമായിരുന്ന ‘സിൽക്ക്‌ റൂട്ട്’.
ആ പാത അന്നത്തെ മനുഷ്യൻ തേടിപ്പിടിച്ചതും രൂപകല്പന ചെയ്തതും ഉപയോഗിച്ചതും നവീകരിച്ചതും അവന്റെയുള്ളിൽ അടങ്ങാതെ കിടന്ന പുതിയ ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ടാണ്. അതുവഴി വാണിജ്യം മാത്രമല്ല, സംസ്കാരങ്ങളുടെ കൈമാറ്റമാണ് നടന്നത്. വഴികൾ തുറക്കുന്നത് കച്ചവടത്തിനു വേണ്ടി മാത്രമല്ല, സംസ്കാരക്കൈമാറ്റത്തിനു വേണ്ടി കൂടിയാണെന്ന്‌ സാരം.  

pic

ഇറാനിലെ ആഡംബര നഗരമായിരുന്ന പെഴ്‌സിപോളിസ്, ‘തൂങ്ങുന്ന പൂന്തോട്ടം’ ഉള്ള ബാബിലോൺ, ‘സിൽക്ക്‌ പാത’ യിൽ ഉൾപ്പെട്ടിരുന്ന തിമൂർ സാമ്രാജ്യ തലസ്ഥാനമായ സമർഖണ്ഡ് തുടങ്ങിയവ അവയുടെ പ്രതാപകാലങ്ങളിലെ നാഗരികതയെ പ്രോജ്വലിപ്പിച്ച ദേശാന്തരങ്ങളാണ്. എപ്പോൾ തങ്ങളുടെ തീവ്ര കച്ചവട യത്നങ്ങൾ  കൊണ്ട് ഫിനീഷ്യക്കാർ പ്രബലരായോ, അപ്പോൾ മുതൽ മെഡിറ്ററേനിയൻ ദേശങ്ങൾ സാമ്പത്തികമായി വളർന്നു. അന്നത്തെ അവയിലെ ശക്തിദുർഗങ്ങളായിരുന്നു ഏഥൻസും റോമും. േഫ്ളാറൻസിനെയും വെനീസിനെയും പോലുള്ള നഗരങ്ങൾ ഒടുവിൽ ആദ്യത്തെ ആഡംബര ഹബ്ബുകളായി  പരിണമിച്ചു. അതിന്റെ തുടർച്ചയായി അവ സാങ്കേതിക, സൗന്ദര്യശാസ്ത്ര വിപ്ലവങ്ങൾക്ക്‌ വഴിതുറക്കുകയും ചെയ്തു.  

വ്യവസായവിപ്ലവത്തെ തുടർന്നാണ് ലണ്ടനും മാഞ്ചസ്റ്ററും ലിവർപൂളും സാമ്പത്തികമായി വളർന്നതും മൂല്യവത്തായ ആഡംബരത്തിന്റെ ശേഷികൾ കൈവരിച്ചതും. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ അമേരിക്കൻ സ്റ്റേറ്റുകൾ ശ്രദ്ധേയമായ വാണിജ്യനേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. കൂടുതൽ മേന്മയും നിലവാരവും സുരക്ഷിതവുമായ ജീവിത സാഹചര്യങ്ങളുണ്ടാക്കാനുള്ള ഇത്തരം പരീക്ഷണങ്ങളാണ് വലിയ സാമ്പത്തിക ഉന്നതിക്ക് കാരണമായത്.