പൂവിട്ടു തുടങ്ങിയ മുളക് ചെടിയുടെ ഇലകളും പൂവും കുരുടിച്ചു കരിഞ്ഞു പോകുന്നു. എന്താണ് പ്രതിവിധി      
-നിർമല പരപ്പിത്തൊടി-

 വൈറസ് രോഗമാണ് മുളകിന്റെ ഇല മുരടിപ്പ്. നീരൂറ്റി കുടിക്കുന്ന വെള്ളീച്ച, ഇലപ്പേൻ, മുഞ്ഞ എന്നിവയെല്ലാം ഇതിനിടയാക്കാറുണ്ട്. മിക്കവാറും രോഗകാരിയായ വൈറസിനെ ഒരു ചെടിയിൽനിന്ന് മറ്റൊന്നിലേക്ക് പരത്തുന്നത് വെള്ളീച്ചകളാണ്. ഇലകളുടെ അടിഭാഗത്തു അഞ്ച് ഗ്രാം സോപ്പ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത് ശക്തിയായി ചീറ്റിച്ചാൽ വെള്ളീച്ചകളെ തുരത്താം. വേപ്പ് അടങ്ങിയ കീടനാശിനികൾ അഞ്ച് മില്ലി ഒരുലിറ്റർ വെള്ളത്തിൽ കലർത്തി അതിലേക്ക് ഒരു മില്ലി പശയും ചേർത്ത് ഇലകളുടെ അടിവശത്തു തളിക്കുക. ‘വെർട്ടിസീലിയം ലക്കാനി’ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളുടെ അടിഭാഗത്തു തളിക്കുക. ഡാൽഡ, അമുൽ എന്നിവയുടെ ഒഴിഞ്ഞ ടിൻ പുറത്തു മഞ്ഞനിറത്തിലുള്ള പെയിൻറ് പൂശി ഉണങ്ങിയ ശേഷം അതിൽ ആവണക്കെണ്ണ പുരട്ടി മുളക് ചെടികളുടെ പരിസരത്തു കെട്ടിത്തൂക്കുകയോ കമഴ്ത്തി നാട്ടുകയോ ചെയ്താൽ വെള്ളീച്ചയും മറ്റും അതിൽ ഒട്ടിപ്പിടിച്ചു നശിച്ചുകൊള്ളും. ഇവിടെയെല്ലാം ഒരു കാര്യം ശ്രദ്ധിക്കാനുള്ളത് ഇലകുരുടിപ്പ്‌ വരുന്നതിനുമുൻപ് തന്നെ പ്രതിരോധമായി ചെയ്താലേ ജൈവരീതികൾ പൂർണഫലം തരുകയുള്ളൂ എന്നതാണ്. (വാണിജ്യകൃഷിയിലാണെങ്കിൽ ഇവയ്ക്കു പുറമേ ഇനിപ്പറയുന്ന കീടനാശിനികളിലൊന്ന് നിശ്ചിത വീര്യത്തിൽ തളിച്ച് കീടനിയന്ത്രണം ഉറപ്പാക്കാം; ഇമിഡാക്ളോപ്രിഡ് മൂന്ന് മില്ലി പത്തുലിറ്റർ വെള്ളത്തിൽ; സ്പൈറോമെസിഫെൻ ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചത്). വീട്ടുകൃഷിയിൽ ആദ്യം സൂചിപ്പിച്ച ജൈവരീതികൾ തന്നെ മതിയാകും.

തയ്യാറാക്കിയത്:  സുരേഷ് മുതുകുളം