അത്യുത്‌പാദന ശേഷിയുള്ള ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജേഴ്‌സി, സങ്കരയിനം പശുക്കൾക്ക് അത്യുഷ്ണത്തെ അതിജീവിക്കാനുള്ള ശേഷി തീരെ കുറവാണ്. കടുത്ത ചൂടിൽ കിതച്ചും അണച്ചും പശുക്കൾ തളരും. തീറ്റയെടുക്കൽ പൊതുവേ കുറയും. ശരീരസമ്മർദമേറുമ്പോൾ രോഗങ്ങൾക്കും സാധ്യതയേറെ. പാലുത്‌പാദനം കുറയാതിരിക്കണമെങ്കിൽ വേനൽക്കാലത്തെ പശുപരിപാലനത്തിൽ പ്രത്യേക കരുതൽ പ്രധാനമാണ്.

വേണം, വേനൽസൗഹൃദ തൊഴുത്തുകൾ

തൊഴുത്തിന്റെ നടുക്ക്  3.5 മീറ്റർ ഉയരവും വശങ്ങളിൽ മൂന്ന് മീറ്റർ  കുറഞ്ഞ ഉയരവും പ്രധാനമാണ്. വശങ്ങളിലെ ഭിത്തികളുടെ  ഉയരം പരമാവധി ഒരു മീറ്റർ മതി. പരിസരത്തുള്ള തടസ്സങ്ങൾ നീക്കി വായുസഞ്ചാരം എളുപ്പമാക്കണം. ഒപ്പം തൊഴുത്തിനുള്ളിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിക്കണം. പനയോല, തെങ്ങോല, ഗ്രീൻ നെറ്റ്, ടാർപ്പോളിൻ എന്നിവയിലേതെങ്കിലും  ഉപയോഗിച്ച് മേൽക്കൂരയ്ക്ക് കീഴെ അടിക്കൂര (സീലിങ്) ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കും.  സ്പ്രിംഗ്ലർ, ഷവർ, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനയ്ക്കുന്നത് ഉഷ്ണസമ്മർദം കുറയ്ക്കാൻ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയങ്ങളിൽ രണ്ടു മണിക്കൂർ ഇടവേളയിൽ മൂന്ന്  മിനിറ്റ്‌ നേരം ഇവ പ്രവർത്തിപ്പിച്ച് പശുക്കളെ തണുപ്പിക്കാം. 

പശുക്കളെ പാടത്ത് കെട്ടി പോവരുതേ

പശുക്കൾക്കും സൂര്യതാപവും സൂര്യാഘാതവും ഏൽക്കാനുള്ള സാധ്യതയേറെയാണ്. പകൽ 11-നും 3-നും ഇടയിലുള്ള സമയത്ത്  പശുക്കളെ തുറസ്സായ സ്ഥലങ്ങളിൽ മേയാൻ വിടുന്നതും പാടങ്ങളിൽ കെട്ടിയിടുന്നതും തകര/ആസ്‌ബസ്റ്റോസ് ഷീറ്റ് കൊണ്ട് മേഞ്ഞ ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തിൽ പാർപ്പിക്കുന്നതും  നിർബന്ധമായും ഒഴിവാക്കണം. 

വെള്ളവും തീറ്റയും  കരുതലോടെ

നിർജ്ജലീകരണം തടയാനും പാൽ ഉത്പാദനനഷ്ടം കുറയ്ക്കാനും തൊഴുത്തിൽ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം തീരുന്ന മുറയ്ക്ക് താനേ വന്നു നിറയുന്ന ഓട്ടോമാറ്റിക് വാട്ടർ ബൗൾ സംവിധാനം ഒരുക്കാം. കുടിവെള്ളം ചൂടാകരുത്. കാലിത്തീറ്റയും വൈക്കോലും നൽകുന്നത് ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. പകൽ  ധാരാളം ജലാംശം അടങ്ങിയ നല്ലയിനം പച്ചപ്പുല്ലും അസോള പോലുള്ള ഇലതീറ്റകളും നൽകണം.
പച്ചപ്പുല്ലിന്‍റെ ലഭ്യതക്കുറവുമൂലം ഉണ്ടാവാനിടയുള്ള ജീവകം എ-യുടെ അപര്യാപ്തത  പരിഹരിക്കാൻ  ജീവകം-എ അടങ്ങിയ മിശ്രിതങ്ങൾ പശുക്കൾക്ക് നൽകണം. വിപണിയിൽ ലഭ്യമായ ധാതുലവണമിശ്രിതങ്ങളും യീസ്റ്റ്  അടങ്ങിയ പ്രോബയോട്ടിക്കുകളും  തീറ്റയിൽ നൽകണം.  

വേനൽക്കാലത്തെ ആരോഗ്യം

രോഗാണുവാഹകരായ പട്ടുണ്ണി പരാദങ്ങൾ പെരുകുന്നതിന് ഏറ്റവും അനുകൂലമായ  കാലാവസ്ഥയാണ് വേനൽ. പരാദകീടങ്ങൾ പരത്തുന്ന തൈലേറിയോസിസ്, ബബീസിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ  രക്താണുരോഗങ്ങൾ കേരളത്തിൽ വേനൽക്കാലത്ത് സാധാരണയാണ്. 
അകിടുവീക്കം, കുരലടപ്പൻ രോഗങ്ങളും വേനലിൽ കൂടുതലായി കാണുന്നു, ശരീരസമ്മർദം കാരണം പശുക്കളുടെ സ്വാഭാവികപ്രതിരോധശേഷി കുറയുന്നതും രോഗസാധ്യത കൂട്ടും. തീറ്റമടുപ്പ്, പാൽ ഉത്പാദനം പെട്ടെന്ന് കുറയൽ,  തളർച്ച, ശക്തമായ പനി, വിളർച്ച, വയറിളക്കം, ശ്വാസമെടുക്കാനുള്ള പ്രയാസം, മൂത്രത്തിന്‍റെ നിറം രക്തവർണമാവൽ  തുടങ്ങിയ അസ്വാഭാവിക ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാൻ മറക്കരുത്. പാലുത്പാദനം അല്പം കുറഞ്ഞാലും പശുക്കളുടെ ആരോഗ്യസംരക്ഷണത്തിന് തന്നെയാണ് വേനലിൽ  മുഖ്യപരിഗണന വേണ്ടത്. വിവരങ്ങൾക്ക്: 9495187522.