ജാതിക്ക്‌ എന്ത് വളമാണ് ചേർക്കേണ്ടത്? എപ്പോൾ ചേർക്കണം. ബോറോൺ നൽകേണ്ട ആവശ്യമുണ്ടോ  
-സുമാ രഘു 

വളപ്രയോഗത്തോട് നന്നായി പ്രതികരിക്കുന്ന സുഗന്ധവിളയാണ് ജാതി. വളർച്ചദശ അനുസരിച്ച്‌ വളത്തിന്റെ അളവിൽ മാറ്റം വരുത്തണം എന്നുമാത്രം. ഒരു വയസ്സ് പ്രായമാകുമ്പോൾ മുതൽ വളംചേർക്കൽ തുടങ്ങാം. ഒരു വർഷമായ തൈകൾക്ക് 10-20  കിലോവരെ ജൈവവളം ചേർക്കാം.
ഇതിന് കമ്പോസ്റ്റ്, ചാണകപ്പൊടി, എല്ലുപൊടി, കോഴിവളം, ആട്ടിൻകാഷ്ഠം, വേപ്പിൻപിണ്ണാക്ക് എന്നിവ ഏതും ഉപയോഗിക്കാം. ഇത് ക്രമേണ വർധിപ്പിച്ച്‌ 15 വർഷമായ ഒരു മരത്തിന് 50-100  കിലോ എന്നതോതിൽ  ജൈവവളം ഒരു വർഷം കിട്ടുന്നു എന്നുറപ്പാക്കണം. ഇനി രാസവള പ്രയോഗം നോക്കാം. പൂർണവളർച്ചയായ ഒരു മരത്തിന് ജൈവവളത്തിനു പുറമേ ആദ്യവർഷം 40 ഗ്രാം യൂറിയ, 90 ഗ്രാം മസൂറിഫോസ്, 85 ഗ്രാം പൊട്ടാഷ്. 
രണ്ടാം വർഷം ഇതിന്റെ തോത് ഇരട്ടിയാക്കണം. ഇങ്ങനെ ക്രമേണ വർധിപ്പിച്ച്‌ 15 വർഷമാകുമ്പോൾ ഈ അളവുകൾ 1100 ഗ്രാം യൂറിയ, 1250 ഗ്രാം മസൂറിഫോസ്, 1275 ഗ്രാം പൊട്ടാഷ് എന്നിങ്ങനെയാക്കണം. ആകെ വളം രണ്ടു തുല്യ അളവുകളായി വിഭജിച്ച്‌ രണ്ടുപ്രാവശ്യം ചേർക്കണം. ഏപ്രിൽ-മേയിലും സെപ്റ്റംബർ-ഒക്ടോബറിലും. പൊതുവേ ജാതിയുടെ വേരുപടലം മണ്ണിന്റെ മുകൾപ്പരപ്പിലായതിനാൽ ചെടിക്കുചുറ്റും ഒന്നര-രണ്ടു  മീറ്ററെങ്കിലും വിട്ട്‌ മണ്ണിളക്കി വളം ചേർക്കുന്നതാണ് നല്ലത്.
വളംചേർക്കലിനോടൊപ്പം തടത്തിൽ ധാരാളം പുതയിടാനും ശ്രദ്ധിക്കണം. കൂടാതെ ഒന്നിടവിട്ട വർഷം മരമൊന്നിന്‌ അരമുതൽ ഒന്നര കിലോവരെ കുമ്മായവും ചേർക്കാം. ചിലയിടങ്ങളിൽ പൂർണമായും ജൈവവളങ്ങൾ ചേർത്ത് ജാതി വളർത്തുന്ന പതിവുണ്ട്. ഇവിടെ മരമൊന്നിന്‌ 100-150 കിലോ കമ്പോസ്റ്റ്/ചാണകപ്പൊടി, ഒന്നരക്കിലോ എല്ലുപൊടി, എട്ടുകിലോ പുളിയില്ലാത്ത ചാരം എന്നതാണ് തോത്. എങ്കിലും സമീകൃതമായ ജൈവ-രാസവള പ്രയോഗം ആണ് എപ്പോഴും മികച്ച വിളവിനിടയാക്കുന്നത് എന്നതാണ് വാസ്തവം. ജാതിച്ചുവട്ടിൽ സദാ കനത്തിൽ പുതയിടണം എന്നത് മറക്കാതിരിക്കുക.
ബോറോൺ അഭാവം ജാതിക്കായ്കൾ മൂക്കുംമുമ്പ് വിണ്ടുപൊട്ടി വീഴാനിടയാക്കും. പൊട്ടാഷ് കുറഞ്ഞാലും ഇങ്ങനെ സംഭവിക്കാം. മണ്ണ് പരിശോധന വഴി ഇതറിയാൻ കഴിയും. ഇങ്ങനെ കണ്ടാൽ മാത്രം മരം ഒന്നിന് 50-100 ഗ്രാം ബോറാക്സ് മണ്ണിൽ ചേർത്ത് ഇത് പരിഹരിക്കാം.
തയ്യാറാക്കിയത്:  സുരേഷ് മുതുകുളം